പൂരം, സ്റ്റാറാകാൻ ആറു കൊമ്പൻമാർ

Monday 28 April 2025 12:43 AM IST

തൃശൂർ : പൂരത്തിന് സൂപ്പർ സ്റ്റാറുകളാകാൻ ആറു കൊമ്പൻമാർ. പാറമേക്കാവ് വിഭാഗത്തിന് വേണ്ടി ഗുരുവായൂർ നന്ദൻ, പാറമേക്കാവ് കാശിനാഥൻ, കൊച്ചിൻ ദേവസ്വം ബോർഡ് ശിവകുമാർ എന്നിവരും തിരുമ്പാടി വിഭാഗത്തിന് തിരുവമ്പാടി ചന്ദ്രശേഖരനും കണ്ണനും കുട്ടൻകുളങ്ങര അർജുനനുമാണ് തിടമ്പേറ്റുക. പാറമേക്കാവിന്റെ പ്രധാന എഴുന്നള്ളിപ്പിന് ഉച്ചയ്ക്ക് ഗുരുവായൂർ നന്ദൻ തിടമ്പേറ്റുമ്പോൾ രാത്രി എഴുന്നള്ളിപ്പിന് പാറമേക്കാവ് കാശിനാഥനാണ് ഭഗവതിയുടെ കോലം വഹിക്കുക. പിറ്റേന്ന് നടക്കുന്ന പകൽ പൂരത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിന്റെ ശിവകുമാറാണ് തിടമ്പേറ്റുക. തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തിൽ വരവിന് തിരുവമ്പാടി കണ്ണൻ ഭഗവതിയുടെ തിടമ്പ് വഹിക്കും. മഠത്തിൽ നിന്ന് പൂരത്തിനുള്ള പുറപ്പാടിൽ തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റും. രാത്രി എഴുന്നള്ളിപ്പിന് കുട്ടൻകുളങ്ങര അർജുനനാണ് തിടമ്പേറ്റുന്നത്. വർഷങ്ങളായി തൃശൂർ പൂരത്തിന്റെ നിറസാന്നിദ്ധ്യങ്ങളാണ് ആറു ഗജവീരൻമാരും. ദേവസ്വം ശിവകുമാറാണ് പൂരത്തലേന്ന് നിലപാടുത്തറയിൽ പൂരം വിളംബരം നടത്തുന്നതിന് തെക്കേഗോപൂര നട തുറന്ന് നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റുന്നത്.