രാജിവച്ച് സെന്തിലും പൊന്മുടിയും

Monday 28 April 2025 12:53 AM IST

ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സുപ്രീംകോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെ തമിഴ്നാട് മന്ത്രിസഭയിൽ അഴിച്ചുപണി. സെന്തിൽ ബാലാജിയും കെ. പൊന്മുടിയും മന്ത്രിസഭയിൽ നിന്ന് രാജിവച്ചു. ഈ മാസം 28ന് മുമ്പ് രാജിവച്ചില്ലെങ്കിൽ കേസിലെ ജാമ്യം റദ്ദാക്കുമെന്ന് സുപ്രീംകോടതി അന്ത്യശാസനം നൽകിയതോടെ ഗവർണർക്ക് രാജി സമർപ്പിക്കുകയായിരുന്നു.

ബാലാജിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണിത്. കോയമ്പത്തൂരിൽ ഉദയനിധി സ്റ്റാലിനും സെന്തിൽ ബാലാജിയും പങ്കെടുത്ത സർക്കാർ പരിപാടിക്ക് പിന്നാലെയാണ്‌ പ്രഖ്യാപനം. അശ്ലീലപരാമർശങ്ങളിൽ പൊന്മുടിക്കെതിരെ കഴിഞ്ഞയാഴ്ച ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.സെന്തിൽ ബാലാജി കൈകാര്യം ചെയ്തിരുന്ന വൈദ്യുതി വകുപ്പ് ഗതാഗത മന്ത്രി എസ്.എസ്. ശിവശങ്കറിനും എക്‌സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പ് ഭവന മന്ത്രി എസ്. മുത്തുസാമിക്കും അധിക ചുമതലയായി നൽകി. പൊൻമുടി കൈകാര്യം ചെയ്തിരുന്ന വനം, ഖാദി വകുപ്പുകളുടെ മേൽനോട്ടം ആർ.എസ്. രാജകണ്ണപ്പൻ വഹിക്കും. കന്യാകുമാരിയിലെ പദ്മനാഭപുരത്തുനിന്നുള്ള എം.എൽ.എ മനോ തങ്കരാജിനെ മന്ത്രിസഭയിലേക്ക് തിരിച്ചുവിളിച്ചു. നാളെ വൈകിട്ട് തങ്കരാജിന്റെ സത്യപ്രതിജ്ഞ നടക്കും.