പഹൽഗാം ഭീകരാക്രമണം പിന്നിൽ കാശ്‌മീരിന്റെ ശത്രുക്കൾ: മോദി

Monday 28 April 2025 1:03 AM IST

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ രാജ്യത്തിന്റെയും ജമ്മു കാശ്‌മീരിന്റെയും ശത്രുക്കളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്തിൽ ആണ് പാകിസ്ഥാന്റെ പേര് എടുത്തുപറയാതെയുള്ള പരാമർശം. ജമ്മു കാശ്‌മീരിൽ സമാധാനം തിരിച്ചുവന്ന സമയമായിരുന്നു. സ്‌കൂളുകളിലും കോളേജുകളിലും അതിന്റെ ചടുലത കാണാമായിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ അഭൂതപൂർവമായ വേഗത കൈവരിച്ചു. കാശ്‌മീരിലെ ജനാധിപത്യം ശക്തമായിക്കൊണ്ടിരുന്നു. വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റെക്കാഡ് വർദ്ധനവുണ്ടായി. ജനങ്ങളുടെ വരുമാനം വർദ്ധിച്ചു. യുവാക്കൾക്കായി പുതിയ അവസരങ്ങൾ സൃഷ്‌ടിക്കപ്പെട്ടു. രാജ്യത്തിന്റെ, ജമ്മു കാശ്‌മീരിന്റെ ശത്രുക്കൾക്ക് അത് ഇഷ്‌ടപ്പെട്ടില്ല. ഭീകരരും അവരുടെ യജമാനന്മാരും കാശ്‌മീർ വീണ്ടും നശിക്കണമെന്ന് ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഇത്രയും വലിയ ഗൂഢാലോചന നടന്നതെന്നും മോദി വ്യക്തമാക്കി.

 ഐക്യം മുഖ്യം

ഭീകരതയ്‌ക്കെതിരായ യുദ്ധത്തിൽ ഭാരതത്തിന്റെ ഏറ്റവും വലിയ ശക്തി രാജ്യത്തിന്റെ ഐക്യവും 140 കോടി ജനങ്ങളുടെ ഐക്യദാർഢ്യവുമാണ്. നിർണായക പോരാട്ടത്തിന്റെ അടിസ്ഥാനം ഈ ഐക്യമാണ്. രാജ്യം നേരിടുന്ന വെല്ലുവിളി നേരിടാൻ നമ്മുടെ ദൃഢനിശ്ചയം ശക്തിപ്പെടുത്തണം. ഒരു രാഷ്ട്രമെന്ന നിലയിൽ ശക്തമായ ഇച്ഛാശക്തി പ്രകടിപ്പിക്കണം. ഭീകരതയ്‌ക്കെതിരായ ഭാരതത്തിന്റെ പോരാട്ടത്തിൽ ലോകം മുഴുവൻ ഭാരതീയർക്കൊപ്പം നിലകൊള്ളുകയാണ്. എല്ലാവരും ശക്തമായി അപലപിച്ചു. ലോകമെമ്പാടും നിന്ന് അനുശോചനങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ലോകനേതാക്കൾ വിളിച്ചു. കത്തുകളും സന്ദേശങ്ങളുമെത്തുന്നു- മോദി വ്യക്തമാക്കി.