ഇറാൻ സ്‌ഫോടനം: മരണം 40 ആയി

Monday 28 April 2025 1:48 AM IST

ടെഹ്‌റാൻ: തെക്കൻ ഇറാനിലെ ഷാഹിദ് രജായി തുറമുഖത്തുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 40 ആയി ഉയർന്നു. 1,200ലേറെ പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെയാണ് ബന്ദർ അബ്ബാസ് നഗരത്തിന് സമീപമുള്ള തുറമുഖത്ത് ഉഗ്ര സ്ഫോടനമുണ്ടായത്. തുറമുഖത്തെ ഒരു കണ്ടെയ്നറിൽ സൂക്ഷിച്ചിരുന്ന രാസവസ്തുക്കളിൽ നിന്നുണ്ടായ തീ മറ്റു കണ്ടെയ്നറുകളിലേക്ക് പടരുകയും വൻ പൊട്ടിത്തെറിയിൽ കലാശിക്കുകയായിരുന്നു. ഇറാനിയൻ മിസൈലുകൾക്ക് വേണ്ടി ചൈനയിൽ നിന്നടക്കം എത്തിച്ച ഖര ഇന്ധനമാണ് സ്ഫോടനത്തിന് പിന്നിലെന്ന് റിപ്പോർട്ട് പ്രചരിച്ചെങ്കിലും സർക്കാർ തള്ളി. അന്വേഷണത്തിന് ശേഷം അന്തിമ നിഗമനം പുറത്തുവിടുമെന്ന് സർക്കാർ വക്താവ് പ്രതികരിച്ചു. തുറമുഖത്തെ തീ ഇനിയും പൂർണമായും നിയന്ത്രണവിധേയമായിട്ടില്ല. സ്ഫോടനത്തിന്റെ ശബ്ദം 50 കിലോമീറ്റർ അകലെ വരെ കേട്ടിരുന്നു. സ്ഫോടനഫലമായി തുറമുഖത്തിന് സമീപത്തെ കെട്ടിടങ്ങളുടെ ജനാലകളും വാതിലുകളും ഛിന്നിച്ചിതറുകയും മേൽക്കൂരകൾ തകരുകയും ചെയ്തു.