പാക് അധീന കാശ്മീരിൽ വെള്ളപ്പൊക്കം
ലാഹോർ: പാകിസ്ഥാന് ശക്തമായ തിരിച്ചടി തുടർന്ന് ഇന്ത്യ. ഉറി ഡാം തുറന്നുവിട്ടുള്ള ഇന്ത്യയുടെ അപ്രതീക്ഷിത നീക്കത്തിൽ തകർന്ന് വിവിധ പാക് തീരങ്ങൾ. ഝലം നദിയിൽ ജലനിരപ്പ് ഉയർന്നതോടെ പാക് അധീന കാശ്മീരിലെ വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. തീരത്ത് നിന്ന് മാറാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഹാത്തിയാൻ ബാല, ഖോല, ധാൽകോട്ട് എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്കമുണ്ടായത്. പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്ന് ഹാത്തിയാൻ ബാല ജില്ലാ കമ്മിഷണർ അറിയിച്ചു. അതേസമയം,സംഭവത്തിൽ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ,ജമ്മു കാശ്മീരിലെ കനത്ത മഴയെത്തുടർന്ന് അണക്കെട്ട് തുറന്നുവിടുന്നത് ഒരു സാധാരണ നടപടിക്രമമാണെന്ന് റിപ്പോർട്ടുകളുണ്ട്.
വെടിവയ്പ് തുടരുന്നു
പാകിസ്ഥാൻ പലയിടത്തും വെടിവയ്പ് തുടരുകയാണ്. ബി.എസ്.എഫ് ജവാന്റെ മോചനത്തിന് മൂന്ന് തവണ ഫ്ളാഗ് മീറ്റിംഗിന് ശ്രമിച്ചിട്ടും പാകിസ്ഥാൻ കടുംപിടിത്തം തുടരുകയാണ്. ഉന്നത നേതൃത്വം ജവാനെ വിടാൻ അനുവാദം നല്കിയിട്ടില്ലെന്നാണ് പാക് ജവാൻമാർ അറിയിക്കുന്നത്. വരുംദിവസങ്ങളിൽ പാകിസ്ഥാന് മേൽ ഇന്ത്യയുടെ ശക്തമായ നടപടികളുണ്ടാകും.