ആണവായുധം പ്രയോഗിക്കുമെന്ന് പാക് മന്ത്രി

Monday 28 April 2025 7:09 AM IST

ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ കടുത്ത നടപടികളുമായി മുന്നോട്ടു നീങ്ങുന്നതിനിടെ ഇന്ത്യയ്ക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് പാകിസ്ഥാൻ റെയിൽവേ മന്ത്രി ഹനീഫ് അബ്ബാസി. ഗോരി,ഷഹീൻ,ഘസ്‌നവി മിസൈലുകളും 130 ആണവ പോർമുനകളും അടങ്ങുന്ന തങ്ങളുടെ ശേഖരം ഇന്ത്യയെ മാത്രം ലക്ഷ്യംവച്ച് സൂക്ഷിച്ചിരിക്കുന്നതാണ്. സിന്ധു നദീജല കരാർ മരവിപ്പിച്ച് പാകിസ്ഥാനിലേക്കുള്ള ജലവിതരണം ഇന്ത്യ തടഞ്ഞാൽ ഒരു യുദ്ധത്തിന് അവർ തയ്യാറെടുക്കണമെന്നും,പ്രകോപനമുണ്ടായാൽ ആക്രമണത്തിന് പാകിസ്ഥാൻ തയ്യാറാണെന്നും അബ്ബാസി പറഞ്ഞു.

'ഞങ്ങളുടെ ആയുധങ്ങൾ പ്രദർശനത്തിന് വേണ്ടിയുള്ളതല്ല. ആണവായുധങ്ങൾ ഞങ്ങൾ രാജ്യത്ത് എവിടെയൊക്കെ സ്ഥാപിച്ചിട്ടുണ്ടെന്ന് ആർക്കുമറിയില്ല. ഈ ബാലിസ്റ്റിക് മിസൈലുകളെല്ലാം ഇന്ത്യയെ ലക്ഷ്യമിടുന്നതാണ് " അബ്ബാസി അവകാശപ്പെട്ടു.

നയതന്ത്ര തിരിച്ചടികൾക്ക് ബദലായി ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാൻ അവരുടെ വ്യോമപാതയിൽ വിലക്കേർപ്പെടുത്തിയിരുന്നു. ഈ നടപടി പത്ത് ദിവസം കൂടി തുടർന്നാൽ ഇന്ത്യൻ എയർലൈനുകൾ പാപ്പരാകുമെന്നാണ് അബ്ബാസിയുടെ വാദം.

 വിദേശ ഇടപെടൽ തേടി പാകിസ്ഥാൻ

ഇന്ത്യൻ പ്രഹരത്തിൽ അടിപതറുന്നതിനിടെ വിദേശ ഇടപെടൽ തേടി പാകിസ്ഥാൻ. വിഷയത്തിൽ റഷ്യയും ചൈനയും പാശ്ചാത്യ രാജ്യങ്ങളും ഇടപെടണമെന്നും ഇന്ത്യയും മോദിയും പറയുന്നത് സത്യമാണോ എന്ന് കണ്ടെത്താൻ ഒരു അന്വേഷണ ടീമിനെ നിയോഗിക്കാൻ അവർക്ക് കഴിയുമെന്നും പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.

അതേ സമയം, യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ച് പിന്തുണ അറിയിച്ചു. ഭീകരവാദത്തിന്റെ എല്ലാ രൂപത്തെയും ചെറുക്കേണ്ടത് അനിവാര്യമാണെന്നും പറഞ്ഞു.

ലോകം നേരിടുന്ന നിരന്തര തീവ്രവാദ ഭീഷണികളുടെ വ്യക്തമായ ഓർമ്മപ്പെടുത്തലാണ് കാശ്മീർ ആക്രമണമെന്നും ഇന്ത്യൻ സർക്കാരിന് പിന്തുണ തുടരുമെന്നും അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐയുടെ ഡയറക്ടർ കാഷ് പട്ടേൽ പറഞ്ഞു.