'കാണാൻ പോകുന്നത് വലുത്, രക്തച്ചൊരിച്ചിലുണ്ടായാൽ'; പാകിസ്ഥാന് വലിയ മുന്നറിയിപ്പുമായി ശശി തരൂർ
തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാനെതിരെ രാജ്യം സൈനിക നടപടി ആവശ്യപ്പെടുകയാണെന്നും പ്രത്യക്ഷത്തിലെ ചില സൈനിക പ്രതികരണങ്ങൾ ഒഴിവാക്കാൻ സാധിക്കില്ലെന്നും ശശി തരൂർ എംപി. ഭീകരർക്ക് പരിശീലനം നൽകിവരുന്ന പാകിസ്ഥാൻ ഇന്ത്യയിൽ നടത്തുന്ന ആക്രമണങ്ങൾ എപ്പോഴും നിഷേധിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും തരൂർ ചൂണ്ടിക്കാട്ടി.
'അവർക്ക് ഒരു ഘടന ഉണ്ടെന്നത് വ്യക്തമാണ്. ആളുകൾക്ക് പ്രോത്സാഹനവും പരിശീലനവും ആയുധങ്ങളും നൽകുകയാണ്. അതിർത്തികളിൽ സഹായവും നൽകുന്നു. ശേഷം എല്ലാ ഉത്തരവാദിത്തവും നിഷേധിക്കുകയും ചെയ്യും. എന്നാൽ അവർക്ക് ഉത്തരവാദിത്തം ഉള്ളതായി വിദേശ ഇന്റലിജൻസ് ഏജൻസികൾ അടക്കം കണ്ടെത്തും.
ഉറിക്കും പുൽവാമയ്ക്കും ശേഷം സർക്കാർ സർജിക്കൽ സ്‌ട്രൈക്ക് നടത്തിയിരുന്നു. ഇന്ന് അതിനേക്കാൾ വലുതാണ് നമ്മൾ കാണാൻ പോകുന്നതെന്നാണ് ഞാൻ കരുതുന്നത്. നയതന്ത്രം, സാമ്പത്തികം, രഹസ്യാന്വേഷണം തുടങ്ങി വിവിധ ഓപ്‌ഷനുകൾ നമുക്ക് മുന്നിലുണ്ടെങ്കിലും പ്രത്യക്ഷത്തിലെ ചില സൈനിക തിരിച്ചടികൾ ഒഴിവാക്കാൻ സാധിക്കില്ല. രാജ്യം അത് ആവശ്യപ്പെടുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്. എപ്പോഴാണ്, എങ്ങനെയാണ് എന്നൊന്നും ആർക്കും അറിയില്ല, എന്നാൽ ഒരു മറുപടി നൽകുമെന്നാണ് ഞാൻ കരുതുന്നത്'- തരൂർ പറഞ്ഞു.
തങ്ങൾക്ക് വെള്ളം ലഭിച്ചില്ലെങ്കിൽ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവ് ബിലാവൽ ഭൂട്ടോയുടെ ഭീഷണിയിലും തരൂർ പ്രതികരിച്ചു. 'ഇത് വെറും പ്രകോപനപരമായ വാക്കുകൾ മാത്രമാണ്. ഇന്ത്യക്കാരെ വെറുതെ കൊല്ലാൻ പാകിസ്ഥാനാകില്ല. പാകിസ്ഥാനോട് എന്തെങ്കിലും ചെയ്യാൻ നമ്മൾ ആഗ്രഹിക്കുന്നില്ല. എന്നാൽ നമ്മളെ എന്തെങ്കിലും ചെയ്താൽ മറുപടി പ്രതീക്ഷിച്ചിരിക്കണം. രക്തച്ചൊരിച്ചിലുണ്ടാവുകയാണെങ്കിൽ നമ്മളെക്കാൾ അവർക്കായിരിക്കും കൂടുതൽ രക്തം നഷ്ടപ്പെടുക'-തരൂർ വ്യക്തമാക്കി.