നാല് പേരെ ചുട്ടുക്കരിച്ച കേഡല്‍ ജിന്‍സന്‍ രാജയെ കാത്തിരിക്കുന്നതെന്ത്? കൂട്ടക്കൊലക്കേസില്‍ വിധിദിനം പ്രഖ്യാപിച്ചു

Monday 28 April 2025 7:02 PM IST

തിരുവനന്തപുരം: 2017 ഏപ്രിലിലെ ഒരു ഞായറാഴ്ച ദിവസം കേരളം ഉണര്‍ന്നത് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു കൊലപാതക വാര്‍ത്തകേട്ടുകൊണ്ടാണ്. സ്വന്തം അച്ഛനേയും അമ്മയേയും ഏക സഹോദരിയേയും ഒപ്പം അമ്മയുടെ ബന്ധുവിനേയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം കത്തിച്ച് കളിയുകയായിരുന്നു. ആസ്ട്രല്‍ പ്രൊജക്ഷന്‍ ആണ് കൊലപാതകങ്ങളിലേക്ക് നയിച്ചത്. ഈ കേസില്‍ തിങ്കളാഴ്ച വിചാരണ പൂര്‍ത്തിയായി. മെയ് ആറിനാണ് കേസിലെ വിധി പ്രഖ്യാപിക്കുക.

2017 ഏപ്രില്‍ ഒമ്പതിനാണ് തിരുവനന്തപുരം നഗരത്തില്‍ നടന്ന ആ കൂട്ടക്കൊലപാതകം കേരള മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ചത്. ക്ലിഫ് ഹൗസിന് വിളിപ്പാടകലെയുള്ള സ്വന്തം വീട്ടില്‍ വെച്ച് പ്രൊഫസര്‍ രാജതങ്കം, ഭാര്യയും ജനറല്‍ ആശുപത്രിയിലെ ഡോക്ടറായിരുന്ന ജീന്‍ പത്മ, മകള്‍ കരോലിന ഇവരുടെ ഒരു ബന്ധുവായ ലളിത എന്നിങ്ങനെ നാലംഗ കുടുംബം അരംകൊലയ്ക്ക് ഇരയായി. ആത്മാവിനെ മോചിപ്പിക്കാനുള്ള കേഡലിന്റെ ആസ്ട്രല്‍ പ്രൊജക്ഷനാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. അതേസമയം, കേഡലിന് മാനസിക പ്രശ്‌നമുണ്ടെന്നായിരുന്നു പ്രതിഭാഗം കോടതിയില്‍ വാദിച്ചത്.

കൊലക്കുറ്റം, വീടിനു തീയിടല്‍, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അന്വേഷണോദ്യോഗസ്ഥനായ കെ.ഇ.ബൈജു സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 92 സാക്ഷികളുണ്ട് കേസിന് അനുബന്ധമായി 151 രേഖകളും സമര്‍പ്പിച്ചിരുന്നു. തിരുവനന്തപുരം പൂജപ്പുര സെ്ന്‍ട്രല്‍ ജയിലിലെ ഏകാന്ത തടവിലാണ് കേഡല്‍ ഇപ്പോള്‍. കടുത്ത മാനസികരോഗത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നതിനാല്‍ ഇടയക്ക് ഊളമ്പാറയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്കായി മാറ്റാറുണ്ട്. മറ്റ് തടവുകാരെ ആക്രമിക്കാനുള്ള പ്രവണത ഇടയ്ക്ക് ഇടയ്ക്ക് പ്രകടിപ്പിക്കുന്നത് കൊണ്ടാണ് കേഡലിനെ മറ്റ് അന്തേവാസികള്‍ക്കൊപ്പം പാര്‍പ്പിക്കാത്തത്. പെരുമണ്‍ ദുരന്തം നടന്ന ദിവസം ജനിച്ച കേഡല്‍ ചെറുപ്പം മുതല്‍ തന്നെ പ്രത്യേക സ്വഭാവത്തിനുടമയായിരുന്നു.

കുടുംബത്തിലെ മറ്റുള്ളവരെപ്പോലെ ഉന്നത വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹത്തോടെയാണ് രാജതങ്കം മകനെ എംബിബിഎസ് പഠനത്തിനായ് ഫിലിപ്പീന്‍സിലേക്ക് അയച്ചത്. എന്നാല്‍ കൃത്യം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പഠനം ഉപേക്ഷിച്ച് കേഡല്‍ മടങ്ങി വന്നു. പിന്നീട് കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് പഠനത്തിനായി ഓസ്ട്രേലിയയിലേക്ക് അയച്ചു.അവിടെയും പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച തിരുവനന്തപുരത്തെ വീട്ടിലേക്ക് തിരികെയെത്തി. പിന്നീട് വീട്ടിലെ മുകളിലത്തെ നിലയിലുള്ള മുറിയില്‍ കമ്പ്യൂട്ടറുകള്‍ക്ക് മുന്നിലായി കേഡലിന്റെ ജീവിതം.

ആസ്ട്രല്‍ പ്രൊജക്ഷന്‍ ചാത്തന്‍ സേവ തുടങ്ങിയവയില്‍ വലിയ താത്പര്യം പ്രകടിപ്പിച്ചിരുന്ന കേഡല്‍ വീഡിയോ ഗെയിം നിര്‍മ്മിക്കുകയായിരുന്നു മുറിയിലെ കമ്പ്യൂട്ടറുകള്‍ക്ക് മുന്നില്‍. എല്ലാ വീഡിയോ ഗെയിമുകളിലും യുദ്ധവും കൊലപാതകവും ചോരയും നിറഞ്ഞ് നില്‍ക്കുന്നവയായിരുന്നു. താന്‍ നിര്‍മ്മിച്ച ഒരു വീഡിയോ ഗെയിം കാണിക്കാനെന്ന് പറഞ്ഞ് താഴത്തെ നിലയില്‍ നിന്ന് അമ്മയെ മുകളിലേക്ക് കൂട്ടിക്കൊണ്ട് പോയി കമ്പ്യൂട്ടറിന് മുന്നിലിരുത്തിയ ശേഷം പിന്നില്‍ നിന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.

ഇതിന് ശേഷം ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത് വരുത്തിയ മഴു ഉപയോഗിച്ച് വെട്ടി നുറുക്കി ശുചിമുറിയിലേക്ക് മാറ്റി. ഇതിന് പിന്നാലെ താഴേക്ക് വന്ന കേഡല്‍ അച്ഛനും സഹോദരിക്കും ഒപ്പം ഒന്നും സംഭവിക്കാത്തത് പോലെയിരുന്ന ഭക്ഷണം കഴിച്ചു. അമ്മ എവിടേയെന്ന് തിരക്കിയപ്പോള്‍ താന്‍ നിര്‍മിച്ച ഗെയിം കാണുന്നുവെന്നാണ് കേഡല്‍ പറഞ്ഞത്. പിന്നീട് ഇതേ രീതിയില്‍ അച്ഛനേയും സഹോദരിയേയും മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കൊലപതാക വിവരം ബന്ധുവായ ലളിത മനസ്സിലാക്കിയെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അവരേയും കൊലപ്പെടുത്തി.

പിന്നീട് മുകളിലത്തെ നിലയിലെ ശൗചാലയത്തില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ കത്തിക്കാനുള്ള ശ്രമം നടത്തി. ഇതിനിടെ വീടിന് തീപിടിച്ചു. പുക ഉയരുന്നത് കണ്ട സമീപവാസികള്‍ ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. അപകടം മനസ്സിലാക്കിയ കേഡല്‍ ഉടനെ തന്നെ വീട്ടില്‍ നിന്ന് ഇറങ്ങി ഓടി. അന്ന് വീടിന് പുക പിടിക്കുമ്പോള്‍ കേഡല്‍ സമീപത്തെ വീടിന് മുന്നിലൂടെ ഓടി മറയുന്നത് കണ്ടതിന് ദൃക്സാക്ഷികളുമുണ്ട്. കൊല നടത്തിയ ശേഷം ഇയാള്‍ ചെന്നൈയിലേക്കാണ് രക്ഷപ്പെട്ടത്. പിന്നീട് തിരിച്ചുവന്നപ്പോള്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് പൊലീസിന്റെ പിടിയിലായി.

തുടര്‍ന്ന് നടന്ന വിശദമായ ചോദ്യംചെയ്യലിലുമാണ് കൊലയ്ക്ക് പിന്നില്‍ ആസ്ട്രല്‍ പ്രൊജക്ഷന്‍ ആണെന്നു പൊലീസ് കണ്ടെത്തിയത്. ശരീരത്തില്‍നിന്ന് ആത്മാവു വേര്‍പെട്ടുപോകുന്നതു കാണുന്ന ആസ്ട്രല്‍ പ്രൊജക്ഷനാണ് താന്‍ നടത്തിയതെന്ന് കേഡല്‍ സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്.സ്‌കീസോ ഫ്രീനിയ എന്ന മാനസികരോഗത്തിന് കേഡല്‍ ജിന്‍സണ്‍ രാജ ചികിത്സയിലായിരുന്നെന്ന് തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ ചീഫ് കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ കെ.ജെ.നെല്‍സണ്‍ നേരത്തേ കോടതിയില്‍ മൊഴിനല്‍കിയിരുന്നു.