അന്ന് 22; ഇന്ന് രണ്ട് ;പഴയങ്ങാടി റൂട്ട് കെ.എസ്.ആർ.ടി.സിക്ക് വേണ്ട
കണ്ണൂർ: ജില്ലയിൽ മികച്ച കളക്ഷനോടെ അഭിമാന റൂട്ടായി രേഖപ്പെടുത്തിയ പയ്യന്നൂർ-പഴയങ്ങാടി- പാപ്പിനിശ്ളേരി-കണ്ണൂർ റൂട്ടിൽ ഇന്ന് ഓടുന്ന കെ.എസ്.ആർ.ടി.സി ബസുകളുടെ എണ്ണം വെറും രണ്ട്. നേരത്തെ 22 ബസുകൾ സർവ്വീസ് നടത്തിയ റൂട്ടിലാണ് കോർപറേഷന്റെ പിൻമാറ്റം. സ്വകാര്യമേഖലയ്ക്ക് റൂട്ട് അടിയറ വച്ച് മാറുന്ന മട്ടിലാണ് കെ.എസ്.ആർ.ടി.സി.
അരനൂറ്റാണ്ട് മുമ്പാണ് ഇതുവഴി കെ.എസ്.ആർ.ടി.സി സർവ്വീസ് ആരംഭിച്ചത്. പഴയങ്ങാടി പാലം വന്നതോടെ സർവീസുകൾ വർദ്ധിപ്പിച്ചു. എന്നാൽ സമീപകാലത്തായി സർവ്വീസുകൾ ക്രമേണ കൂടുകയും പിന്നീട് ക്രമാധീതമായി കുറയുകയുമായിരുന്നു.
പയ്യന്നൂർ കണ്ണൂർ ഡിപ്പോകളിൽ നിന്ന് 11 വീതം സർവ്വീസുകളാണ് പഴയങ്ങാടി വഴി ഉണ്ടായിരുന്നത്. നൂറുകണക്കിനാളുകളാണ് ഈ റൂട്ടിനെ ആശ്രയിച്ചിരുന്നത്. രാവിലെയും വൈകുന്നേരവുമുള്ള സർവ്വീസുകളിൽ തൊഴിലാളികളും ജീവനക്കാരും വിദ്യാർഥികളും ഉൾപ്പടെ നിരവധി സ്ഥിര യാത്രക്കാരും ഉണ്ടായിരുന്നു. ഇതിൽ രാവിലെ അഞ്ചു മണിക്ക് ആരംഭിച്ചിരുന്ന സർവ്വീസ് കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തേണ്ടവരുടെ പ്രധാന ആശ്രയവുമായിരുന്നു. കണ്ണൂരിലെയും പരിസര പ്രദേശത്തേയും ഉദ്യോഗസ്ഥരുടെ ഇഷ്ട സർവ്വീസായിരുന്നു രാവിലെ 8.45ന് പുറപ്പെടുന്ന ബസിന്റേത്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരേക്കുള്ള ശതാബ്ദി എക്സ് പ്രസിന്റെ കണക്ഷൻ ബസായി കാസർകോടേക്ക് ഉണ്ടായിരുന്ന ബസും കെ.എസ്.ആർ.ടി.സി നിർത്തലാക്കി. ആഴ്ച അവസാനവും അവധിദിന തലേന്നും നിന്നുതിരിയാനിടമില്ലാത്ത തിരക്കായിരുന്നു ഈ ബസിന് ഉണ്ടായിരുന്നത്. കൊവിഡ് കാലത്ത് നിർത്തലാക്കിയ ഈ സർവീസ് ഇതുവരെ പുനസ്ഥാപിക്കാൻ കോർപറേഷൻ തയ്യാറായിട്ടില്ല. കണ്ണൂരിൽ ട്രെയിനിൽ എത്തുന്ന കാസർകോട്ട് ഭാഗത്തേക്കുള്ള യാത്രക്കാർ പുലർച്ചെ വരെ കാത്തിരിക്കേണ്ട സാഹചര്യമാണ് ഇതിലൂടെ കെ.എസ്.ആർ.ടി.സി സൃഷ്ടിച്ചത്.
നിലവിൽ രാവിലെ 9ന് പുറപ്പെടുന്ന ഒരു ബസും രാത്രി മറ്റൊരു ബസുമാണുള്ളത്.രാവിലെയുള്ള ബസ് കൊവിഡ് കാലത്ത് ജനങ്ങളുടെ സ്ഥിരമായ ആവശ്യപ്രകാരം പുനസ്ഥാപിച്ചതാണെന്നും ഇതു തന്നെ ചില ദിവസങ്ങളിൽ ഉണ്ടാകാറില്ലെന്നും യാത്രക്കാർ പറയുന്നു.
നിലവാരമുള്ള റോഡ്
വളവുകളും തിരിവുകളും കുറവും വലിയ കയറ്റിറക്കങ്ങളില്ലാത്തതും അതിമനോഹരമായ മെക്കാഡം ടാറിംഗും പുതുക്കി പണിത റെയിൽവേ മേൽപ്പാലങ്ങളും തളിപ്പറമ്പ് വഴി പയ്യന്നൂരേക്കുള്ളതിലും പത്തുകിലോമീറ്റർ കുറവുമെല്ലാം പഴയങ്ങാടി കെ.എസ്.ടി.പി റോഡിന്റെ പ്രത്യേകതകളാണ്. ടൗൺ ടു ടൗൺ സർവ്വീസുകളടക്കം ഉണ്ടായിരുന്ന റൂട്ടാണ് കെ.എസ്.ആർ.ടി.സി പാടെ ഒഴിവാക്കിയിരിക്കുന്നത്. സർവീസ് നിർത്തലാക്കിയതിന് പ്രത്യേക കാരണങ്ങളോ ബുദ്ധിമുട്ടുകളോ ഒന്നും തന്നെ അധികൃതർക്കും പറയാനില്ലെന്നതാണ് രസകരം. സ്വകാര്യ ബസ് മുതലാളിമാരുമായി ഉദ്യോഗസ്ഥ വൃന്ദങ്ങളിലെ ഉന്നതർക്കുള്ള കൈകോർക്കലാണ് ഈ റൂട്ടിനെ തഴയുന്നതിന് പിന്നിലെന്നാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർക്കടക്കമുള്ള അഭിപ്രായം.
ആദ്യം നിർത്തിയത് ചെയിൻ സർവീസ്
പയ്യന്നൂർ ഡിപ്പോയിൽ നിന്ന് നാല് ബസുകളും കണ്ണൂർ ഡിപ്പോയിൽ നിന്ന് ആറ് ബസുകളും ഉൾപ്പെടുത്തി 10 ബസുകൾ ഉപയോഗിച്ച് ഓരോ 15 മിനുട്ട് കൂടുമ്പോഴും കെ.എസ്.ആർ.ടി.സി സർവീസ് നടത്തിയ റൂട്ടാണിത്.തളിപ്പറമ്പിലൂടെ പോകുന്നതിനേക്കാൾ നിരക്ക് കുറവാണെന്നതും യാത്രക്കാരെ ആകർഷിച്ചിരുന്നു. 1976ൽ പഴയങ്ങാടി പാലം നിർമ്മിച്ചതുമുതൽ ഈ റൂട്ട് ദേശസാൽക്കരിക്കാൻ നടപടി സ്വീകരിച്ചിരുന്നു. വിജ്ഞാപനമിറങ്ങിയില്ലെങ്കിലും കെ.എസ്.ആർ.ടി.സി ബസുകളായിരുന്നു ഇതുവഴി കൂടുതൽ സർവീസ് നടത്തിയിരുന്നത്.