വേനൽമഴയിൽ ഡങ്കിപ്പനി ഭീഷണി; ജാഗ്രതയോടെ കേളകം

Monday 28 April 2025 9:47 PM IST

കേളകം: കേളകം ഗ്രാമ പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ പഞ്ചായത്ത് ഭരണസമിതിയും ആരോഗ്യ വകുപ്പും സംയുക്തമായി ചേർന്ന യോഗത്തിൽ തീരുമാനിച്ചു.കഴിഞ്ഞ വർഷം ജനുവരി മുതൽ 150 ഓളം കേസുകളാണ് കേളകത്ത് റിപ്പോർട്ട് ചെയ്തിരുന്നത്. ഇത് നിയന്ത്രണ വിധേയമാക്കിയെങ്കിലും ഡെങ്കിപ്പനി പരത്തുന്ന കൊതുകിന്റെ സാന്നിദ്ധ്യം ഇപ്പോഴും ഇവിടെയുണ്ട്.

ഇടവിട്ട് പെയ്ത വേനൽമഴയാണ് ഇപ്പോൾ കൊതുകുകൾക്ക് വളരാനുള്ള സാഹചര്യമൊരുക്കുന്നത്. ഈ വർഷവും ഡെങ്കിപ്പനി ബാധിച്ചവർ പഞ്ചായത്തിന്റെ വിവിധ വാർഡുകളിലുണ്ടെന്ന് മെഡിക്കൽ ഓഫീസർ ഡോ.ഷബ്ന മുന്നറിയിപ്പ് നൽകുന്നു. വേനൽമഴ പെയ്തതിന് പിന്നാലെയാണ് മലയോരത്ത് ഡെങ്കിപ്പനി പടരാൻ തുടങ്ങിയത്.

കേളകം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ് അദ്ധ്യക്ഷത വഹിച്ചു.മെഡിക്കൽ ഓഫീസർ ഡോ. ഷബ്ന വിശദീകരണം നൽകി. പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സജീവൻ പാലുമ്മി, മറ്റ് പഞ്ചായത്തംഗങ്ങൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

മൂന്നു വാർഡുകളിൽ 9 രോഗികൾ

കേളകത്തെ ഒന്നാം വാർഡിൽ മൂന്നു പേർക്കും നാലാം വാർഡിൽ രണ്ടു പേർക്കും അഞ്ചാം വാർഡിൽ നാലുപേർക്കുമാണ് രോഗമുള്ളത്.കൂടാതെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയവരും ഉണ്ട്.

കൊതുകുകൾ വളരാനുള്ള സാഹചര്യം കണ്ടെത്തി അവയെ നശിപ്പിക്കുകയും ജനങ്ങൾ സ്വയം പ്രതിരോധം തീർക്കുകയും ചെയ്യുന്നതോടെ മാത്രമേ പ്രതിരോധ പ്രവർത്തനങ്ങൾ വിജയിക്കുകയുള്ളു- ഡോ.ശബ്ന( കേളകം സി.എച്ച്.സി മെഡിക്കൽ ഓഫീസർ)