കെണിയിൽ ചവിട്ടിയാൽ വെടിയുണ്ട' തെറിക്കും കാസർകോട് യുവാവിന് വെടിയേറ്റത് പന്നിക്കെണിയിൽ നിന്ന്
കാസർകോട് : മഞ്ചേശ്വരം ബാക്രബയലിലെ യുവാവിന് വെടിയേറ്റത് പന്നിക്കെണിയിൽ നിന്നാണെന്ന് പൊലീസ്.ബാക്രബയലിൽ വനമേഖലയിൽ നിന്ന് നാട്ടിൽ ഇറങ്ങുന്ന പന്നികളെ പിടിക്കാൻ കെണികൾ സ്ഥാപിച്ചിട്ടുണ്ട്. അറിയാതെ കെണിയിൽ ചവിട്ടിയാൽ വെടിയുണ്ട ദേഹത്തേക്ക് തെറിക്കുന്ന രീതിയിലാണ് ഇതിന്റെ ക്രമീകരണം. പന്നിക്ക് കൊള്ളാൻ ഉദ്ദേശിച്ച വച്ച വെടിയുണ്ട തെറിച്ചത് സവാദിന്റെ ശരീരത്തിലേക്കായിരുന്നു.
കാടുമൂടി കിടന്ന കുന്നിൻ പ്രദേശത്ത് പതിവില്ലാതെ വെളിച്ചം കണ്ടപ്പോൾ പരോശോധനക്ക് എത്തിയതായിരുന്നു 22 കാരനായ സവാദും സുഹൃത്തുക്കളും. ഞായറാഴ്ച രാത്രി വൈകി വെളിച്ചം കണ്ട ഭാഗത്ത് ബൈക്ക് നിർത്തി അന്വേഷണം നടത്തുന്നതിന് ഇടയിലാണ് സവാദിന്റെ കാൽ മുട്ടിന് മുകളിലായി വെടിയേറ്റത്. പരിക്കേറ്റ യുവാവ് മംഗളുരു കെ.എസ്. ഹെഗ്‌ഡെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തെ തുടർന്ന് മഞ്ചേശ്വരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പന്നിക്കെണി ആണ് വില്ലനെന്ന് മനസിലായത്. പ്രദേശത്തെ മരത്തിന്റെ മുകളിൽ തോക്കിന്റെ രൂപത്തിലുള്ള ആയുധം കെട്ടിവെച്ച നിലയിൽ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് പന്നികളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാരും പറഞ്ഞു. പന്നിയെ പിടിക്കാൻ നായാട്ട് സംഘവും ഇവിടെ ഇറങ്ങാറുണ്ട്. സവാദിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം.സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജീവൻ വച്ചുള്ള കെണി
മൃഗങ്ങൾക്ക് കെണി വെക്കാൻ വേണ്ടിയാണെന്ന് സംശയിക്കുന്ന ഇത്തരം അപകടകരമാം വിധം കെണി വെക്കുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് മുസ്ളീം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ബി എം മുസ്തഫയും ജനറൽ സെക്രട്ടറി സിദ്ധിഖ് ദണ്ഡഗോളിയും ആവശ്യപ്പെട്ടു. ബാക്രബയലിലെ സവാദിന് വെടിയേറ്റ സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്നും ഇവർ പറഞ്ഞു.