മേയ് 5ന് കാസർകോട് നിന്നും ആശമാരുടെ രാപകൽ സമര യാത്ര
കാസർകോട്: സെക്രട്ടറിയേറ്റിനു മുന്നിലെ ആശമാരുടെ രാപകൽ അതിജീവന സമരം 78 ദിവസവും അനിശ്ചിതകാല നിരഹാര സമരം 40 ദിവസവും പിന്നിടുമ്പോഴും സർക്കാർ തെല്ലും വഴങ്ങാത്ത സാഹചര്യത്തിൽ ആശമാരുടെ രാപകൽ സമരയാത്ര മേയ് അഞ്ചിന് കാസർകോട് നിന്ന് ആരംഭിക്കുമെന്ന് സമരസമിതി നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൗര സമൂഹത്തിന്റെയും സാംസ്കാരിക പ്രവർത്തകരുടെയുംഅഭിപ്രായങ്ങൾ കൂടി കണക്കിലെടുത്ത് സെക്രട്ടേറിയറ്റിന് മുമ്പിലെ രാപകൽ അതിജീവന സമരത്തോടൊപ്പം സംസ്ഥാനമൊട്ടാകെ സമരം വ്യാപിപ്പിക്കുന്ന വിധത്തിൽ മേയ് 5 ന് കാസർകോട് നിന്നും ആരംഭിച്ച് ജൂൺ 17 തിരുവനന്തപുരത്ത് എത്തിച്ചേരുന്ന ആശമാരുടെ സമരയാത്ര സംസ്ഥാനത്തെ സ്ത്രീ തൊഴിലാളി മുന്നേറ്റങ്ങളിൽ അഭൂതപൂർവ്വമായ ഒന്നായിത്തീരും.കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ബിന്ദുവാണ് സമര യാത്രയുടെ ക്യാപ്റ്റൻ ആയിരിക്കും. സർവ്വദേശീയ തൊഴിലാളി ദിനമായ മെയ് ഒന്നിന് സെക്രട്ടേറിയറ്റിനു മുന്നിൽ നടക്കുന്ന സ്ത്രീ തൊഴിലാളി അവകാശ മെയ്ദിന റാലിയോടനുബന്ധിച്ച് സമര യാത്രയുടെ ഫ്ലാഗ് ഓഫ് നടക്കും. രണ്ടോ മൂന്നോ ദിവസങ്ങൾ ഓരോ ജില്ലകളിലും സഞ്ചരിക്കുന്ന സമരയാത്ര രാത്രികളിൽ സെക്രട്ടറിയേറ്റിനു മുമ്പിലെ രാപകൽ സമരത്തിന് സമാനമായി തെരുവുകളിൽ തന്നെ അന്തിയുറങ്ങും. ഉദ്‌ഘാടന ദിവസം ഉച്ചക്ക് 12 ന് ബദിയഡുക്കയിലും മൂന്നിന് കുറ്റിക്കോലിലും അഞ്ചിന് കാഞ്ഞങ്ങാടും എത്തിച്ചേരും.
സമരയാത്രയെ സ്വീകരിക്കുവാൻ ജില്ലാതല സ്വാഗത സംഘങ്ങൾ രൂപീകരിക്കും. 14 ജില്ലകളിലെയും വിവിധ നഗരങ്ങളിൽ നടക്കുന്ന സ്വീകരണ സമ്മേളനങ്ങളിൽ ജില്ലയിലെയും സംസ്ഥാനത്തെയും പ്രമുഖ വ്യക്തികൾ പങ്കെടുക്കും. 45 ദിവസങ്ങൾ യാത്ര ചെയ്തു സമരയാത്ര ജൂൺ 17 ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുമ്പിൽ എത്തിച്ചേരുമ്പോൾ സംസ്ഥാനത്തെ ആശാപ്രവർത്തകർ ഒന്നടങ്കം ഈ സമരയാത്രയിൽ അണിചേരും. സ്വാഗതസംഘം യോഗം കാസർകോട് വ്യാപാരഭവനിൽ ഇന്ന് രാവിലെ പത്തിന് ചേരും. വാർത്താസമ്മേളനത്തിൽ എസ്.മിനി,കെ.ജെ.ഷീല, റോസ് ലി ജോൺ, പി. അക്കമ്മ എന്നിവർ പങ്കെടുത്തു.