താരങ്ങളുടെ ചോദ്യം ചെയ്യൽ, ഉദ്വേഗത്തിന്റെ പകൽ 'കൺട്രോൾ' വിട്ട് ഷൈൻ

Tuesday 29 April 2025 2:27 AM IST

ആലപ്പുഴ : സിനിമാതാരങ്ങളായ ഷൈൻ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും മോഡൽ സൗമ്യയെയും ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോടെ ആലപ്പുഴ എക്സൈസ് ഡിവിഷൻ ഓഫീസിൽ ഉദ്വേഗത്തിന്റെ പകൽ. അതിരാവിലെ താരജാ‌ഡയിൽ ആഡംബര കാറുകളിൽ അഭിഭാഷകർക്കൊപ്പം എക്സൈസ് ഓഫീസിനുള്ളിലേക്ക് പാഞ്ഞുപോയവരെ മണിക്കൂറുകൾക്ക് ശേഷവും പുറത്തേക്ക് കാണാതിരുന്നത് പലവിധ അഭ്യൂഹങ്ങൾക്കും കാരണമായി. ഉച്ചനേരത്ത് ഷൈൻ ടോം ഓഫീസിന്റെ മുകൾനിലയിൽ നിന്ന് താഴേക്ക് ഓടിയിറങ്ങുകയും സെക്കന്റുകൾക്ക് ശേഷം തിരിച്ചോടി കയറുകയും വിവരമറിഞ്ഞ സഹോദരൻ എക്സൈസ് ഓഫീസിലേക്ക് പാഞ്ഞെത്തുകയും ചെയ്തതോടെ ഓഫീസിനകവും പുറവും ആകാംക്ഷയിലായി.

ഏതാനും ദിവസം മുമ്പ് കൊച്ചിയിലെ ഹോട്ടലിൽ നിന്ന് പുറത്തേക്ക് ചാടി അതിസാഹസികമായി രക്ഷപ്പെട്ടതിനാൽ ഷൈൻടോമിനോട് തികഞ്ഞ ജാഗ്രതയോടെയായിരുന്നു ജീവനക്കാരുടെ പെരുമാറ്റവും നിരീക്ഷണവും. ലഹരി സംഘങ്ങളുമായുള്ള സൗഹൃദവും ഇടപാടുകളും പുലർത്തുന്നവ താരങ്ങൾ തെളിവുലഭിച്ചാൽ പ്രതിപ്പട്ടികയിലകപ്പെടാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ഇവരോട് യാതൊരു സൗഹൃദവും പാടില്ലെന്ന് തലേദിവസം ജീവനക്കാ‌ർക്ക് ഗൂഗിൾമീറ്റ് വഴി ഉന്നത ഉദ്യോഗസ്ഥർ നിർ‌ദേശം നൽകിയിരുന്നു. ഷൈൻ ടോം ചാക്കോ രാവിലെ 7.40 നും ശ്രീനാഥ് ഭാസി 8.10 നും സൗമൃ എട്ടരയ്ക്കും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലെത്തിയത്. ഓഫീസിലെത്തിയ ഉടൻ മൂവരെയും എക്സൈസ് നിരീക്ഷണത്തിൽ മൂന്നുമുറികളിലെക്ക് മാറ്റി

താരങ്ങൾക്കും ഒപ്പമെത്തിയവർക്കും ഇരിക്കാൻ കസേര നൽകി. ലഹരിവിമോചനചികിത്സാ കേന്ദ്രത്തിൽ നിന്നാണെത്തിയതെന്ന് താരങ്ങൾ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ കിടക്കാൻ രണ്ട് ബഞ്ചുകൾ വിട്ടുനൽകി. ഫുൾസ്ളീവ് ഷർട്ടും പാന്റ്സും ധരിച്ചെത്തിയ ശ്രീനാഥ് ചോദ്യം ചെയ്യൽ വൈകുമെന്ന് മനസിലാക്കി ഉച്ചഭക്ഷണ സമയം വരെയും ഭക്ഷണം കഴിഞ്ഞും കൂളായി ബഞ്ചിൽ കിടന്ന് ഉറങ്ങി.

ശ്രീനാഥിന്റെ ചാറ്റിൽ 'കുഷ് , ഗ്രീൻ' കോഡുകൾ

അന്വേഷണ ഉദ്യോഗസ്ഥനായ അസി.എക്സൈസ് കമ്മിഷണർ അശോക് കുമാർ രാവിലെ 8.45ന് എത്തിയശേഷമാണ് ചോദ്യംചെയ്യൽ ആരംഭിച്ചത്. തസ്ളിമയുമായി ഏറെക്കാലമായി അടുത്തസൗഹൃദമുള്ള സൗമ്യയെയാണ് ആദ്യം ചോദ്യം ചെയ്തത്. സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ നിന്ന് ലഭിച്ച തെളിവുകളുടെയും ഇൻസ്റ്റഗ്രാമിൽ ഒരുമൊന്നിച്ചുള്ള വീഡിയോകളുടെയും അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. സുഹൃത്തുക്കളെന്നനിലയിൽ പരസ്പരം സാമ്പത്തിക ഇടപാടുകളുണ്ടെന്ന് സൗമ്യ സമ്മതിച്ചെങ്കിലും ലഹരി ഇടപാടുമായി ബന്ധമുണ്ടോയെന്ന് കണ്ടെത്താനാണ് എക്സൈസ് ഏറെസമയമെടുത്തത്. പിന്നാലെ ഷൈൻ ടോമിനെ ചോദ്യം ചെയ്തു. ശ്രീനാഥ് ഭാസിയുടെ ഫോണിൽ നിന്നും തസ്ളിമയുമായി നടത്തിയ ചാറ്റിംഗിൽ കുഷ് , ഗ്രീൻ തുടങ്ങിയ കോഡുകൾ ഉപയോഗിച്ചിരുന്നതായി എക്സൈസ് കണ്ടെത്തിയിരുന്നു. ഇതോടൊപ്പം പല തവണ സാമ്പത്തിക ഇടപാടും നടത്തിയിട്ടുണ്ട്. കുഷ് എന്നാൽ ഹൈബ്രിഡ് കഞ്ചാവും ഗ്രീൻ എന്നാൽ നാടൻ കഞ്ചാവുമെന്നാണ്. റിയൽമീറ്റ് കൂടാതെ ലഹരിയുമായി ബന്ധപ്പെട്ടും പണം ഇടപാടുണ്ടായിട്ടുണ്ടെന്നാണ് എക്സൈസിന്റെ നിഗമനം. ഉച്ചയ്ക്ക് ഒരുമണി ആയപ്പോഴേക്കും ഒരു റൗണ്ടുപോലും ചോദ്യം ചെയ്യൽ പൂർത്തിയായിരുന്നില്ല. അന്വേഷണസംഘം മൂവർക്കും ഉച്ചഭക്ഷണം വരുത്തി നൽകിയ ശേഷം ചോദ്യം ചെയ്യൽ തുടർന്നു. കേസുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തേണ്ട കാര്യങ്ങൾ പ്രത്യേകം നോട്ട് ചെയ്ത് അതിനുള്ള ഉത്തരങ്ങളിലൂടെ തെളിവുകൾ കൂട്ടിയിണക്കിയാണ് ചോദ്യംചെയ്യൽ പുരോഗമിച്ചത്. വീഡിയോ തെളിവുകളും ശേഖരിച്ചിട്ടുണ്ട്. ലഹരി നൽകി പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡനത്തിനിരയാക്കിയ കേസിൽ തസ്ളിമ പ്രതിയായതിനാൽ അത്തരത്തിലുള്ള എന്തെങ്കിലും സംഭവങ്ങളുണ്ടായിട്ടുണ്ടോയെന്നും സിനിമാമേഖലയിൽ നിന്നെത്തിയവരോട് എക്സൈസ് ആരാഞ്ഞു.