എം.ടിക്കായി മകൾ അശ്വതി പദ്മവിഭൂഷൺ ഏറ്റുവാങ്ങി

Tuesday 29 April 2025 12:26 AM IST

എം.ടി. വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച പദ്മവിഭൂഷൺ പുരസ്‌കാരം മകൾ അശ്വതി രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് ഏറ്റുവാങ്ങിയപ്പോൾ

ന്യൂഡൽഹി: മലയാളത്തിന്റെ അഭിമാനം എം.ടി. വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച പദ്മവിഭൂഷൺ പുരസ്‌കാരം മകൾ അശ്വതി വി.നായർ ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പദ്മ പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു. ബീഹാർ മുൻ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന സുശീൽ കുമാർ മോദിക്ക് മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച പദ്മഭൂഷൺ പുരസ്‌കാരം ഭാര്യ ജെസി ജോർജ് ഏറ്റുവാങ്ങി. സുസുക്കി മോട്ടോർ മുൻ സി.ഇ.ഒ ഒസാമു സുസുകി (പദ്മവിഭൂഷൺ),ഗസൽ ഗായകൻ പങ്കജ് ഉദാസ് (പദ്മഭൂഷൺ) തുടങ്ങിയവർക്കുള്ള ബഹുമതി ഉറ്റവർ ഏറ്റുവാങ്ങി.

ഒളിമ്പ്യനും

ഹോക്കി താരവുമായ പി.ആർ.ശ്രീജേഷ്, ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ.ജോസ് ചാക്കോ പെരിയപ്പുറം എന്നിവർക്ക് പദ്മഭൂഷണും സംഗീത അദ്ധ്യാപികയും കർണാടിക് സംഗീതജ്ഞയുമായ ഡോ.കെ ഓമനക്കുട്ടി അമ്മ, മലയാളിയായ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ സി.എസ്. വൈദ്യനാഥൻ എന്നിവർക്ക് പദ്മശ്രീയും സമ്മാനിച്ചു. തമിഴ് സൂപ്പർ താരം അജിത് പദ്മഭൂഷണും, ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ പദ്മശ്രീയും ഏറ്റുവാങ്ങി. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.