കസ്റ്റഡി 12 ദിവസത്തേക്ക് നീട്ടി, റാണയെ കൊച്ചിയിലെത്തിച്ച് തെളിവെടുക്കാൻ എൻ.ഐ.എ
ന്യൂഡൽഹി: മുംബയ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട രാജ്യാന്തര ഗൂഢാലോചന വെളിച്ചത്തു കൊണ്ടുവരാൻ ശ്രമം ഊർജ്ജിതമാക്കി എൻ.ഐ.എ. തഹാവൂർ റാണയെ 12 ദിവസം കൂടി കസ്റ്റഡിയിൽ വാങ്ങി. മുംബയ്,കൊച്ചി തുടങ്ങി റാണ സന്ദർശിച്ച സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കും.
18 ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്ന് ഇന്നലെ റാണയെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി. വൻ സുരക്ഷാ സന്നാഹത്തോടെ, കറുത്ത തുണി കൊണ്ടുള്ള മുഖംമൂടി ധരിപ്പിച്ചാണ് റാണയെ കൊണ്ടുവന്നത്. പ്രതിക്കൂട്ടിൽ റാണ കയറി നിന്നയുടൻ എൻ.ഐ.എ കൂടുതൽ കസ്റ്രഡി ആവശ്യപ്പെടുകയായിരുന്നു. അടച്ചിട്ട മുറിയിലായിരുന്നു വാദം കേൾക്കൽ. എല്ലാ ദിവസവും റാണയെ മെഡിക്കൽ പരിശോധനയ്‌ക്ക് വിധേയമാക്കണമെന്നും ഒന്നിടവിട്ട ദിവസങ്ങളിൽ അഭിഭാഷകനെ കാണാൻ അനുവദിക്കണമെന്നും കോടതി നിർദ്ദേശമുണ്ട്.
ഗൂഢാലോചനയുടെ
ചുരുളഴിക്കണം
മുംബയ് ഭീകരാക്രമണത്തിന് പിന്നിലെ വിശാല ഗൂഢാലോചന അറിയാൻ റാണയെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എൻ.ഐ.എയ്‌ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദയാൻ കൃഷ്‌ണൻ,സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നരേന്ദർ മൻ എന്നിവർ കോടതിയെ അറിയിച്ചു. റാണ സന്ദർശിച്ച ഇടങ്ങളിൽ കൊണ്ടുപോകണം. തുടർന്ന് ജഡ്‌ജി ചന്ദർജിത് സിംഗ് കസ്റ്റഡി അനുവദിക്കുകയായിരുന്നു. റാണയ്‌ക്ക് വേണ്ടി ഡൽഹി ലീഗൽ സർവീസസ് അതോറിട്ടിയിലെ അഡ്വ. പീയുഷ് സച്ച്‌ദേവ ഹാജരായി.