ഉറക്കം കെടുത്തി മുപ്ലി വണ്ട്

Tuesday 29 April 2025 6:44 AM IST
മുപ്ലി വണ്ട്

കോട്ടയം : പലതാണ് പേര്. മുപ്ലി വണ്ട്, ഓട്ടെരുമ, ഓലച്ചാത്തൻ, ഓലപ്രാണി, കരിഞ്ചെള്ള്. ദേശവ്യത്യാസമനുസരിച്ച് പല പേരുകൾ. എന്നാൽ ദ്രോഹത്തിന് മാറ്റമില്ല. ഉറങ്ങിക്കിടക്കുന്ന കുട്ടികളുടെ ചെവിയിലും മറ്റും കയറിക്കൂടിയാൽ അതുമതി ബുദ്ധിമുട്ടാവാൻ. ദേഹത്തു തൊട്ടാൽ ചൊറി. മലയോര മേഖലകളിൽ ജനങ്ങളുടെ സ്വൈരജീവിതത്തിന് ബുദ്ധിമുട്ടുണ്ടാക്കി മൂപ്ലിവണ്ടുകൾ പെരുകുകയാണ്. വേനൽമഴ പെയ്തതിനശേഷമാണ് വണ്ടുകളുടെ ശല്യം കൂടി വരുന്നത്. കട്ടിലുകളിലും ചുവരുകളിലും ഇടം പിടിക്കുന്ന ഇവ കാരണം പലർക്കും ഉറക്കമില്ലാത്ത രാത്രികളാണിപ്പോൾ. ഓടുകളിലും മറ്റും പറ്റിക്കൂടുന്ന ഇവ അടുക്കളയിൽ ഭക്ഷണ പാത്രത്തിലം മറ്റും വീണ് ഭക്ഷണം ഉപയോഗശൂന്യമാക്കും. രാത്രി ലൈറ്റ് വെട്ടത്തിൽ ഇവ കൂട്ടമായി എത്തും. റബർത്തോട്ടങ്ങളിലാണ് കൂടുതലായി കണ്ടുവരുന്നതെങ്കിലും ഇപ്പോൾ ഇലകൾ കിളിർക്കുന്ന മരങ്ങളിലും കണ്ടു വരുന്നു. കൊച്ചു കുട്ടികൾ ഉള്ളവരാണ് വണ്ടിന്റെ ശല്യം കൂടുതൽ അനുഭവിക്കുന്നത്. കിടക്കയിലും മറ്റും അറിയാതെപ്പെട്ട് പോയാൽ ദേഹം തടിച്ചു വീർക്കും.

മരുന്ന് പ്രയോഗിക്കല്ലേ, മാരക വിഷാംശം

വണ്ടിനെ തുരത്താൻ ചില മരുന്നുകളുണ്ടങ്കിലും ഇവ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. കാരണം ഇതിലെ വിഷാംശം തന്നെ. തൂത്തുകൂട്ടമ്പോൾ പകുതിയിലധികവും പറന്നപോകും. വരാതിരിക്കാനുള്ള മാർഗ്ഗം ലൈറ്റ് തെളിക്കാതിരിക്കുക എന്നതാണ്. അതും പ്രായോഗികമല്ല. ചെറിയ വിടവുകളിൽപോലും ഒളിച്ചിരിക്കുന്ന വണ്ടുകളെ പകൽനേരങ്ങളിൽ കാണാനാവില്ല. ശക്തമായ മഴ പെയ്താൽ ഇല്ലാതാകുന്നതാണ് മുൻകാലങ്ങളിലെ അനുഭവം. രാത്രിയേയും വേനലിനേയും ഇഷ്ടപ്പെടുന്ന മുപ്ലി വണ്ടുകൾക്ക് മഴയും തണുപ്പുമാണ് അസഹനീമായിട്ടുള്ളത്.

നശിപ്പിക്കാനുള്ള വഴി ഒരു പരന്ന പാത്രത്തിൽ വെള്ളമെടുത്ത് അതിൽ ഒരു മെഴുകുതിരി കത്തിച്ച് വയ്ക്കുക, രാത്രി നേരം ഇതിനെ തൂത്തുവാരി തീയിട്ടുനശിപ്പിച്ചു കളയാം.പകൽ സമയങ്ങളിൽ കൂട്ടംകൂടി ഇരിക്കുന്ന ഇവയെ മണ്ണെണ്ണ തളിച്ചും നശിപ്പിക്കാം. മണ്ണെണ്ണയിൽ ഇവയ്ക്ക് 15 സെക്കൻഡുകൾ മാത്രമാണ് ആയുസ്.

''റബർമരത്തിൽനിന്ന് പൊഴിഞ്ഞുവീഴുന്ന വാടിയ തളിരിലകളാണ് ഇവയുടെ മുഖ്യ ആഹാരം. കൂടാതെ, റബറിന്റെ കരിയിലകൾ ഇവയുടെ വളർച്ചയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നു. മുപ്ലിവണ്ടിന്റെ ശല്യം കഴിഞ്ഞ വർഷങ്ങളിൽ കുറവായിരുന്നു.

-സതീശൻ, അയർക്കുന്നം