തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി 5 ദിവസത്തേയ്ക്ക് കസ്‌റ്റഡിയിൽ
കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിലെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി പൊലീസ്. പ്രതിയെ വിശദമായി ചോദ്യം ചെയ്യാൻ അഞ്ച് ദിവസത്തേയ്ക്കാണ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പൊലീസ് കസറ്റഡിയിൽ വിട്ടത്. തിരുവാതുക്കൽ ശ്രീവത്സത്തിൽ ടി.വി വിജയകുമാർ (64), ഭാര്യ ഡോ. മീര (60) എന്നിവരെ കഴിഞ്ഞ 22 നാണ് വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇവരുടെ വീട്ടിലെയും സ്ഥാപനത്തിലെയും മുൻ ജോലിക്കാരനായിരുന്ന ആസാം സ്വദേശി അമിത് ഉറാംഗിനെ തൃശൂരിൽ നിന്നും പിടികൂടിയിരുന്നു.
ആദ്യഘട്ട ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രതിയുടെ മൊഴി. പ്രതി ഒറ്റക്കാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് നിഗമനം. അറസ്റ്റിന് പിന്നാലെ നടത്തിയ തെളിവെടുപ്പിൽ വീട്ടിൽ നിന്നും മോഷ്ടിച്ച സി.സി.ടി.വി കാമറയുടെ ഡി.വി.ആർ, മൊബൈൽ ഫോൺ എന്നിവ കണ്ടെത്തിയിരുന്നു. കസ്റ്റഡിയിൽ വാങ്ങിയ പ്രതിയുമായി പൊലീസ് വിശദ തെളിവെടുപ്പ് നടത്തും. കൂടുതൽ ചോദ്യം ചെയ്യുമെന്നും വെസ്റ്റ് സി.ഐ പ്രശാന്ത്കുമാർ പറഞ്ഞു.