ജനവിധിയെഴുതി കാനഡ

Tuesday 29 April 2025 7:12 AM IST

ഒട്ടാവ: യു.എസിൽ നിന്നുള്ള വെല്ലുവിളികൾ ശക്തമാകുന്നതിനിടെ പുതിയ പ്രധാനമന്ത്രിയ്ക്കായി ജനവിധിയെഴുതി കാനഡ. രാജ്യത്ത് ഇന്നലെ നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ ഇന്ത്യൻ സമയം ഇന്ന് രാവിലെയോടെ വ്യക്തമായിത്തുടങ്ങും.

നിലവിലെ പ്രധാനമന്ത്രി മാർക്ക് കാർണിയും പ്രതിപക്ഷ നേതാവ് പിയർ പോളിയേവും തമ്മിലാണ് പ്രധാന ഏറ്റുമുട്ടൽ. ജസ്റ്റിൻ ട്രൂഡോ രാജിവച്ചതിനെ തുടർന്ന് മാർച്ചിലാണ് ലിബറൽ പാർട്ടിയുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ട കാർണി പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ചുരുങ്ങിയ കാലയളവിനുള്ളിൽ പാർട്ടിയുടെ ജനപ്രീതി തിരിച്ചുപിടിക്കുക എന്നത് കാർണി മുന്നിൽ ശക്തമായ വെല്ലുവിളിയായിരുന്നു.

അതേ സമയം പോളിയേവിന്റെ കൺസർവേറ്റീവ് പാർട്ടിയാകട്ടെ, സർവേ ഫലങ്ങളിലെല്ലാം മുന്നിലാണ്. കാനഡയെ യു.എസിന്റെ 51 -ാം സംസ്ഥാനമാക്കുമെന്നാണ് യു.എസ് പ്രസി‌ഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം. യു.എസിലെ കനേഡിയൻ ഇറക്കുമതികൾക്ക് ട്രംപ് തീരുവകൾ ചുമത്തുകയും ചെയ്തിരുന്നു. അതിനാൽ പ്രചാരണത്തിലുടനീളം യു.എസുമായുള്ള സംഘർഷങ്ങളെയാണ് പാർട്ടികൾ ആയുധമാക്കിയത്.