റെക്കാഡ് തകർത്ത് കൂറ്റൻ സ്ട്രോബെറി കേക്ക്
പാരീസ് : 350 കിലോ സ്ട്രോബെറി, 150 കിലോ പഞ്ചസാര, 415 കിലോ പേസ്ട്രി ക്രീം, 4000 മുട്ട....ഫ്രാൻസിൽ പാരീസിന് വടക്കു പടിഞ്ഞാറായുള്ള അർജന്റോയി എന്ന പട്ടണത്തിലെ മെയ്സൺ ഹെലോയ്സ് പേസ്ട്രി ഷോപ്പ് തയ്യാറാക്കിയ ഭീമൻ സ്ട്രോബെറി കേക്കിലെ ചേരുവകളാണിത്. ലോകത്തെ ഏറ്റവും നീളമേറിയ സ്ട്രോബെറി കേക്ക് എന്ന റെക്കാഡും ഈ ഷോപ്പ് സ്വന്തമാക്കി. 121.88 മീറ്ററാണ് (399 അടി, 8 ഇഞ്ച്) കേക്കിന്റെ നീളം. 2019ൽ ഇറ്റലിയിൽ തയ്യാറാക്കിയ 100.48 മീറ്റർ നീളമുള്ള കേക്കിന്റെ റെക്കാഡാണ് തകർക്കപ്പെട്ടത്. കേക്കിന് ഏകദേശം 1.2 ടൺ ഭാരമുണ്ടെന്ന് പേസ്ട്രി ഷോപ്പ് മാനേജർ യൂസഫ് എൽ ഗാറ്റോ പറഞ്ഞു. 20 ഷെഫുകളെയാണ് കേക്ക് തയ്യാറാക്കാൻ യൂസഫ് തിരഞ്ഞെടുത്തത്. ഒരാഴ്ച കൊണ്ടാണ് കേക്ക് തയ്യാറാക്കിയത്. കഴിഞ്ഞ ആഴ്ചയാണ് കേക്ക് പ്രദർശനത്തിനെത്തിയത്. ഗിന്നസ് റെക്കാഡ് സ്ഥിരീകരിച്ച പിന്നാലെ കേക്കിന്റെ പീസുകൾ പ്രദർശനം കാണാനെത്തിയവർക്കും സമീപത്തെ ആശുപത്രി, റിട്ടയർമെന്റ് ഹോം എന്നിവിടങ്ങളിലേക്കും അഗ്നിരക്ഷാ സേന, റെഡ് ക്രോസ് അംഗങ്ങൾക്കും വിതരണം ചെയ്തു.