സ്‌തംഭിച്ച് സ്‌പെയിനും പോർച്ചുഗലും, ഇരുട്ടടി നൽകി വൈദ്യുതി തടസം

Tuesday 29 April 2025 7:13 AM IST

പാരീസ്: യൂറോപ്യൻ രാജ്യങ്ങളായ സ്പെയിനിലും പോർച്ചുഗലിലും ജനജീവിതം സ്തംഭിപ്പിച്ച് അപ്രതീക്ഷിത വൈദ്യുതി തകരാർ. പവർക്കട്ടുണ്ടായതോടെ ഇരുരാജ്യങ്ങളിലെയും മെട്രോ,​റെയിൽ സർവീസുകളെയും പൊതു ഗതാഗതത്തെയും ബാധിച്ചു. വിമാന സർവീസുകൾ വൈകി. ട്രാഫിക് ലൈറ്റുകൾ അണഞ്ഞതോടെ റോഡുകളിൽ പലയിടത്തും വൻ ഗതാഗതക്കുരുക്കുമുണ്ടായി. ആശുപത്രി സേവനങ്ങളെയും ബാധിച്ചു.

താപനിലയിലെ വ്യതിയാനം മൂലം സ്പാനിഷ് ഇലക്ട്രിക് ഗ്രിഡിലുണ്ടായ തകരാറാണ് പവർക്കട്ടിന് കാരണമെന്ന് പോർച്ചുഗലിലെ ഊർജ്ജ കമ്പനിയായ ആർ.ഇ.എൻ അറിയിച്ചു. പവർക്കട്ടിന്റെ കാരണം കണ്ടെത്താനും പരിഹാരം കാണാനും ശ്രമം തുടരുന്നെന്ന് സ്പാനിഷ് പവർ ഗ്രിഡ് ഓപ്പറേറ്ററായ റെഡ് ഇലക്ട്രിക അറിയിച്ചു. സൈബർ ആക്രമണ സാദ്ധ്യതകൾ അധികൃതർ തള്ളി.

പ്രാദേശിക സമയം ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ സ്പെയിനിലെ പല പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങിയത്. പിന്നാലെ മാഡ്രിഡിലെ സ്പാനിഷ് പാർമെന്റിലും രാജ്യമെമ്പാടുമുള്ള മെട്രോ സ്റ്റേഷനുകളിലും സമാന അവസ്ഥയുണ്ടായി. മൊബൈൽ നെറ്റ്‌വർക്കുകളും തകരാറിലായി. ഇതിനിടെ,പോർച്ചുഗലിൽ തലസ്ഥാനമായ ലിസ്ബണിലും,രാജ്യത്തിന്റെ തെക്കൻ,വടക്കൻ പ്രദേശങ്ങളിലും വൈദ്യുതി വിതരണം തടസപ്പെട്ടു.

അതേസമയം,​ഫ്രാൻസിലും വൈദ്യുതി തടസപ്പെട്ടെങ്കിലും കാര്യമായ പ്രശ്നങ്ങൾ സൃഷ്ടിച്ചില്ല. ഫ്രഞ്ച് ബാസ്ക് കൺട്രി മേഖലയെ മാത്രമാണ് പവർക്കട്ട് ബാധിച്ചത്. ഇവിടെ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചെന്നും നിലവിൽ രാജ്യത്ത് പ്രശ്നങ്ങളില്ലെന്നും ഫ്രഞ്ച് ഗ്രിഡ് ഓപ്പറേറ്ററായ ആർ.ടി.ഇ അറിയിച്ചു. സ്‌പെയിനിലെ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനും ആർ.ടി.ഇ സഹായം തുടങ്ങി. സ്‌പെയിനിന്റെയും പോർച്ചുഗലിന്റെയും ഭാഗങ്ങളിൽ സാവധാനം വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്.