കാമസൂത്രയുടെ പരസ്യത്തിൽ അഭിനയിച്ചതോടെ വിമർശകർ മലയാളി നടിയുടെ വീട്ടിലെത്തി; അവരോട് പിതാവ് പറഞ്ഞത്

Tuesday 29 April 2025 12:24 PM IST

താരങ്ങളുടെ വ്യക്തി ജീവിതത്തെക്കുറിച്ച് അറിയാൻ താത്പര്യമുള്ള നിരവധി ആരാധകർ ഉണ്ട്. അത്തരത്തിൽ പ്രമുഖ താരങ്ങളുടെ ജീവിതത്തിൽ അധികമാർക്കുമറിയാത്ത കാര്യങ്ങൾ സംവിധായകൻ ആലപ്പി അഷ്റഫ് വെളിപ്പെടുത്താറുണ്ട്. ഇപ്പോഴിതാ നടി ശ്വേതാ മേനോന്റെ ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം.

മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് ചേക്കേറിയ നടിയാണ് ശ്വേത മേനോൻ. 'പരസ്യ ചിത്രങ്ങളുടെ ഒരു പരമ്പര തന്നെ അവരെ തേടിയെത്തി. അതിൽ ഏറ്റവും കൂടുതൽ വിവാദം സൃഷ്ടിച്ചതും കല്ലേറുകൊണ്ടതും ഇന്റർനാഷണൽ ബ്രാൻഡായ കാമസൂത്രയുടെ പരസ്യത്തിൽ അഭിനയിച്ചപ്പോഴാണ്. ഇതൊരു ഗർഭനിരോധന ഉറയാണ്. അവരതിൽ പറയുന്ന വാചകം സുരക്ഷിതമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയെന്നതായിരുന്നു. ഈയൊരു നല്ല സന്ദേശം മലയാളികളിൽ പലർക്കും ഉൾക്കൊള്ളാനായില്ല.

അതൊരുപക്ഷേ മലയാളി പെൺകുട്ടിയായ ശ്വേതാ മേനോൻ പറഞ്ഞതുകൊണ്ടുമാകാം. ഈ പരസ്യ ചിത്രം ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് ശ്വേതയുടെ അച്ഛന്റെയടുത്ത് ചില പത്രക്കാരും നാട്ടുകാരും ചെന്ന് കേരള സമൂഹത്തിന് യോജിച്ചതാണോ മകളുടെ ഈ പ്രവൃത്തിയെന്ന് ചോദിച്ചു. അതിന് അച്ഛൻ പറഞ്ഞ മറുപടി ഇപ്രകാരമാണ്, മകളതിൽ പറഞ്ഞത് ലൈംഗിക സുരക്ഷയെപ്പറ്റിയാണ്. അതൊരു നല്ല കാര്യമല്ലേ. അവളൊരു മോഡലാണ്. അഭിനയിക്കുകയെന്നത് അവളുടെ ജോലിയാണെന്നും എന്നായിരുന്നു.

തന്റെ പിതാവിനെയോർത്ത് അഭിമാനിച്ച നിമിഷമായിരുന്നു അതെന്നാണ് ശ്വേത പറയുന്നത്. അന്ന് കേരള സമൂഹം മൂക്കത്ത് വിരൽവച്ച് എന്നെ കല്ലെറിഞ്ഞെങ്കിലും നേരെ മറിച്ച് ഇന്നായിരുന്നെങ്കിൽ ഇവിടെ ഇത് ചെയ്യാൻ ആയിരക്കണക്കിന് പെൺകുട്ടികൾ മുന്നോട്ടുവരുമായിരുന്നെന്ന് ശ്വേത പറഞ്ഞു. ഇതുകൊണ്ടൊക്കെയാണ് കാലത്തിന് മുന്നേ സഞ്ചരിച്ച കലാകാരിയാണ് അവരെന്ന് ഞാൻ പറഞ്ഞത്.'- ആലപ്പി അഷ്റഫ് വ്യക്തമാക്കി.