"മമ്മൂക്കാ, നിങ്ങളുടെ കൂടെ ഇത്രയും പടം ചെയ്‌തിട്ടും നല്ല വാക്ക് പറഞ്ഞിട്ടുണ്ടോ, ദുൽഖർ ചെയ്തത് നോക്കൂ"; മെഗാസ്റ്റാർ നൽകിയ മറുപടി

Tuesday 29 April 2025 3:10 PM IST

അന്നും ഇന്നും മലയാളികളുടെ പ്രിയതാരമാണ് മനോജ് കെ ജയൻ. മോഹൻലാലും മമ്മൂട്ടിയും ജയറാമും അടക്കമുള്ള താരങ്ങൾക്കൊപ്പവും ന്യൂജനറേഷനിലെ താരങ്ങൾക്കൊപ്പവും മനോജ് കെ ജയൻ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ പിറന്നാളിന് ദുൽഖർ സോഷ്യൽ മീഡിയയിലൂടെ ആശംസയറിയിച്ചതിനെക്കുറിച്ച് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് മനോജ് കെ ജയൻ. 'സല്യൂട്ട് ഷൂട്ടിംഗ് നടക്കുകയാണ് കൊല്ലത്ത്. അവിടെ ബർത്ത് ഡേ വിഷയങ്ങൾ സംസാരിച്ചുകൊണ്ടിരിക്കെ ദുൽഖർ എന്നോട് ബർത്ത് ഡേ എപ്പോഴാണെന്ന് ചോദിച്ചു. മാർച്ച് പതിമൂന്നിനാണ് ഈ ചോദ്യം ചോദിക്കുന്നത്, പതിനഞ്ചിന് എന്റെ പിറന്നാൾ. ദുൽഖർ അറിഞ്ഞാൽ പറയണ്ട, സെറ്റിൽ എല്ലാവരും കേക്ക് മുറിക്കും, ആകെ പ്രശ്നമാണ്. അപ്പോൾ ഞാൻ ഏപ്രിൽ പതിനേഴിനാണ് പിറന്നാളെന്ന് പറഞ്ഞു. അതായത് ഷെഡ്യൂൾ തീർന്നുകഴിഞ്ഞേ പിറന്നാൾ വരികയുള്ളൂ. അതുകൊണ്ട് അങ്ങനെ പറഞ്ഞു.

പതിനഞ്ചാം തീയതി എനിക്ക് വർക്ക് ഇല്ല. ഞാൻ വീട്ടിൽ വന്ന് സൈലന്റായി സന്തോഷത്തോടെ ഇരുന്നു. ആരോ പറഞ്ഞ് ദുൽഖർ അറിഞ്ഞു. ചേട്ടാ, ചേട്ടന്റെ പിറന്നാളാണോ ഇന്ന് എന്നിട്ടാണോ ചേട്ടൻ പോയതെന്ന് വിളിച്ചു ചോദിച്ചു. എനിക്ക് ഒരത്യാവശ്യമുണ്ടായിരുന്നു അതുകൊണ്ട് വന്നതാണെന്ന് പറഞ്ഞു. ചേട്ടാ ഭയങ്കര ചതിയായിപ്പോയെന്ന് ദുൽഖർ വിഷമം പറഞ്ഞു. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഇൻസ്റ്റയിൽ പോസ്റ്റിട്ടു. അത്ര നല്ല വരികളായിരുന്നു, കണ്ണുനിറഞ്ഞുപോയി. നമ്മുടെ ഏറ്റവും അടുത്തുനിൽക്കുന്നവർ പോലും അങ്ങനെ എഴുതില്ല. അത്രയും സ്നേഹപൂർണമായ വരികളായിരുന്നു. അപ്പോൾ ഞാൻ മമ്മൂക്കയെ വിളിച്ചുപറഞ്ഞു.

മമ്മൂക്ക, നിങ്ങളുടെ കൂടെ ഇത്രയും പടം ഞാൻ ചെയ്തു. എന്നെങ്കിലും നിങ്ങൾ നല്ല വാക്ക് പറഞ്ഞിട്ടുണ്ടോ, ദുൽഖർ എഴുതിവച്ചിരിക്കുന്നത് വായിക്കെന്ന് പറഞ്ഞു. അവനൊക്കെ എന്തും പറയാമല്ലോ പോസ്റ്റ് കണ്ടെന്നും എന്ന് മമ്മൂക്ക പറഞ്ഞു.'- അദ്ദേഹം വ്യക്തമാക്കി.