എങ്ങുമെത്താത്ത തിരുമല തൃക്കണ്ണാപുരം റോഡ് വികസനം
തിരുവനന്തപുരം: അഞ്ച് വർഷം മുൻപ് ആരംഭിച്ച തിരുമല - തൃക്കണ്ണാപുരം റോഡ് വികസനം എങ്ങുമെത്താത്തതിൽ പ്രതിഷേധമുയരുന്നു. തിരുമല ജംഗ്ഷൻ മുതൽ തൃക്കണ്ണാപുരം പാലം വരെയുള്ള 3.3 കിലോമീറ്റർ റോഡാണ് വികസിപ്പിക്കേണ്ടത്. റോഡിന്റെ ഇരുവശത്തെയും ഭിത്തി നിർമ്മാണവും മണ്ണിട്ട് നിറയ്ക്കലും നടക്കുന്നുണ്ടെങ്കിലും,പഴയ ഇലക്ട്രിക് പോസ്റ്റുകൾ പൂർണമായും നീക്കം ചെയ്തിട്ടില്ല.
തിരുമല ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിയുന്നിടത്ത് ഇത്തരം പോസ്റ്റുകൾ റോഡിന് നടുവിലെന്നോണം നിൽക്കുന്നത് രാത്രികാലങ്ങളിൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതിന് കാരണമാകുന്നുണ്ട്.
റോഡുപണി നീളുന്നത് ഇതുവഴിയുള്ള വാഹനയാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണ്.എത്രയും വേഗം തിരുമല-തൃക്കണ്ണാപുരം റോഡ് വികസനം യാഥാർത്ഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഭരണാനുമതിയായത് - 24.4 കോടി
റോഡ് വികസനത്തിനായുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തിയായി
ഒന്നാംഘട്ട പദ്ധതിയിൽ സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനും വൈദ്യുത പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനുമായി - 3.8 കോടി നൽകി. പോസ്റ്റുകൾ മുഴുവൻ നീക്കം ചെയ്തിട്ടില്ല
രണ്ടാംഘട്ട പദ്ധതിക്ക് 8കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. വശത്തെ ഭിത്തികൾ കെട്ടി മണ്ണിടൽ പണികൾ നീളുന്നു.
നിലവിലെ 8 മീറ്ററിൽ നിന്ന് 15 മീറ്ററായി റോഡ് മാറും.
എസ്.എൽ കൺസ്ട്രക്ഷൻസാണ് കരാറേറ്റെടുത്തിരിക്കുന്നത്. 2024-25 വർഷത്തെ ബഡ്ജറ്റ് ഫണ്ടിൽ ഉൾപ്പെടുത്തിയ മൂന്നാംഘട്ട പ്രവൃത്തികൾക്ക് 1204 ലക്ഷം രൂപയുടെ ഭരണാനുമതിയും ലഭിച്ചു. ഓട നിർമ്മാണം,റോഡിന്റെ വശങ്ങളിൽ കോൺക്രീറ്റ്,ബിഎം,ബിസി ടാറിംഗ്,റോഡിലെ സംരക്ഷണ ഭിത്തി,റോഡ് സുരക്ഷാപ്രവൃത്തികൾ എന്നിവ ചെയ്ത് റോഡ് നവീകരിക്കാനാണ് മൂന്നാംഘട്ട പ്രവൃത്തികളിലൂടെ ലക്ഷ്യമിടുന്നത്. ഈ പ്രവൃത്തിയാണ് നീളുന്നത്.
ഇതിന് പുറമെ
2.4 കോടി രൂപ ചെലവിൽ റോഡിനിരുവശത്തും അമൃതം കുടിവെള്ള പൈപ്പിടൽ ജോലികളും,സിറ്റി ഗ്യാസ് പദ്ധതിക്കായുള്ള പൈപ്പ് സ്ഥാപിക്കലും നടക്കുകയാണ്.