"ഞാൻ കറുത്തിട്ട്, വെളുത്ത കുഞ്ഞ് എന്റേതല്ല", സ്ത്രീധനത്തിന്റെ പേരിലും പീഡനം; യുവതിയുടെ ആത്മഹത്യയിൽ ഭർത്താവ് കസ്റ്റഡിയിൽ

Tuesday 29 April 2025 4:42 PM IST

കണ്ണൂർ: യുവതിയുടെ ആത്മഹത്യയിൽ ഭർത്താവ് കസ്റ്റഡിയിൽ. പായം കേളൻപീടി സ്വദേശി സ്‌നേഹയുടെ (24) മരണത്തിലാണ് ജിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭർതൃപീഡനമാണ് യുവതി ജീവനൊടുക്കിയതെന്നാണ് പൊലീസ് പറഞ്ഞ്. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

ജിനീഷിന്റെയും കുടുംബാംഗങ്ങളുടെയും പീഡനത്തിൽ മനംനൊന്ത് താൻ ജീവനൊടുക്കുന്നെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. സ്ത്രീധനം ആവശ്യപ്പെട്ട് തുടർച്ചയായി ഉപദ്രവിച്ചിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകിയെങ്കിലും ഒത്തുതീർപ്പാക്കി വിടുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഇന്നലെയാണ് യുവതിയെ സ്വന്തം വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

കുഞ്ഞുണ്ടായതിന് ശേഷം, താൻ കറുത്തതാണ്. കുഞ്ഞ് വെളുത്തതും. അതിനാൽ കുഞ്ഞ് തന്റേതല്ലെന്ന് പറഞ്ഞ് ജിനീഷ് യുവതിയെ ഉപദ്രവിച്ചു. ഈ മാസം പതിനഞ്ചിന് ഇതിനെച്ചൊല്ലി വഴക്കുണ്ടായി. തുടർന്ന് സ്‌നേഹയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു,

ഇന്നലെ ജിനീഷ് സ്‌നേഹയെ വിളിച്ചിരുന്നു. അതിനുശേഷം യുവതി മുറിയിൽക്കയറി വാതിലടച്ചു. വൈകിട്ട് ആറരയോടെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതിനുപിന്നാലെ ജിനീഷിനെതിരെ പരാതിയുമായി സ്‌നേഹയുടെ വീട്ടുകാർ രംഗത്തെത്തിയിരുന്നു.

2020 ജനുവരിയിലായിരുന്നു സ്‌നേഹയുടെയും ജിനീഷിന്റെയും വിവാഹം. മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ സ്നേഹയും ഭർത്താവും തമ്മിൽ പ്രശ്‌നങ്ങൾ തുടങ്ങി. മാതാപിതാക്കൾക്ക് പല സമയങ്ങളിലും സ്നേഹയെ ജിനീഷിന്റെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവരേണ്ടിവന്നിട്ടുണ്ട്. ജിനീഷ് ലോറി ഡ്രൈവറാണ്. ദമ്പതികളുടെ കുഞ്ഞിന് മൂന്ന് വയസേയുള്ളൂ. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.