മെഡി.കോളേജിലേക്കാണോ, കൈയിൽ വെള്ളം കരുതാം
കോട്ടയം : മദ്ധ്യകേരളത്തിലെ പാവപ്പെട്ടവരുടെ ആശ്രയകേന്ദ്രം. ദിനംപ്രതി ചികിത്സ തേടിയെത്തുന്നത് ആയിരക്കണക്കിന് രോഗികൾ. കൂറ്റൻ കെട്ടിടങ്ങളും, അത്യാധുനിക സംവിധാനങ്ങളും, മികച്ച ഡോക്ടർമാരുമുണ്ട്. പക്ഷേ, കുടിക്കാൻ വെള്ളം മാത്രമില്ല. കോട്ടയം മെഡിക്കൽ കോളേജിൽ എത്തുന്നവർ പണം കൊടുത്ത് കുപ്പിവെള്ളം മേടിക്കേണ്ട ഗതികേടിലാണ്. ഒ.പി ടിക്കറ്റ് വിതരണ കൗണ്ടറിന് സമീപത്ത് സ്ഥാപിച്ചിരിക്കുന്ന കുടിവെള്ള സംവിധാനം തകരാറിലായിട്ടും അധികൃതർക്ക് കുലുക്കമില്ല. ഓർത്തോ, സർജറി, ഗ്യാസ്ട്രോളജി ഒ.പി വിഭാഗങ്ങൾ പ്രവർത്തിക്കുന്ന സ്ഥലത്ത് കുടിവെള്ള സംവിധാനം സ്ഥാപിക്കണമെന്നാവശ്യം.
ഒ.പി ടിക്കറ്റ് എടുക്കാൻ പുലർച്ചെ മുതൽ നീണ്ട ക്യൂവാണ്. മണിക്കൂറുകൾ നിന്ന് മടുക്കുമ്പോൾ അല്പം വെള്ളം കുടിക്കണമെന്ന് തോന്നിയാൽ പെട്ടുപോകും. ഇനി ടിക്കറ്റ് ബുക്ക് ചെയ്താൽ ഡോക്ടറെ കാണാനും നല്ലസമയം നോക്കണം. ഇതിനിടെ പലരും കൂടെയുള്ളവരെ വെള്ളം വാങ്ങാൻ പറഞ്ഞുവിടുകയാണ്.
ഒരുവർഷമായിട്ടും കുലുക്കമില്ല 20 രൂപയാണ് കുപ്പി വെള്ളത്തിന്റെ വില. പലർക്കും വെള്ളം വാങ്ങാനുള്ള സാമ്പത്തിക ശേഷിയില്ല. ഒ.പി ടിക്കറ്റ് കൗണ്ടറിന് സമീപത്തെ കുടിവെള്ള സംവിധാനം തകരാറിലായിട്ട് ഒരു വർഷമായി. അടിയന്തരമായി ഇത് പരിഹരിക്കുകയോ, പുതിയത് സ്ഥാപിക്കുകയോ ചെയ്താൽ പ്രശ്നത്തിന് പരിഹാരമാകും.