മിയാവാക്കി തുരുത്തിൽ വായനാവെളിച്ചം
തൃക്കരിപ്പൂർ: ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ ആഹ്വാനം ചെയ്ത കുട്ടികളുടെ അവധിക്കാല വായന പരിപോഷണ പദ്ധതിയായ വായന വെളിച്ചത്തിൻ്റെ ഭാഗമായി കുരുന്നുകൾ അഴിമുഖത്തിനടുത്ത കവ്വായി കായലിലെ മിയാവാക്കി തുരുത്തിലെത്തി.മാവിലാക്കടപ്പുറം വിജ്ഞാനദായിനി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിലാണ് ദ്വീപിലെത്തിയത് പ്രശസ്ത എഴുത്തുകാരൻ അംബികാസുതൻ മാങ്ങാടിന്റെ പ്രാണവായു എന്ന ചെറുകഥ ചർച്ച ചെയ്തു. കളി ചിരികളും വാമൊഴിവഴക്കങ്ങളുംകൊണ്ട് കുട്ടിക്കൂട്ടം തുരുത്തിന്റെ ഏകാന്തതയെ ശബ്ദമുഖരിതമാക്കി.വായനാനുഭവങ്ങൾ പങ്കുവെച്ചും കൂടുതൽ പുസ്തകങ്ങൾ വായിക്കുമെന്ന പ്രതിജ്ഞയെടുത്തും കുട്ടികൾ അവധിക്കാലത്തെ സമ്പന്നമാക്കുമെന്ന തീരുമാനമെടുത്താണ് തൊട്ടടുത്ത കരയായ ചെമ്പന്റെ മാടിലേക്ക് മടങ്ങിയത്. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി.രവി അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ഒ.കെ.പ്രമോദ്, കെ.പി.രാജൻ, എം.വി.സുരേന്ദ്രൻ, കെ.വി.രമേശൻ, ഇ.വി.സതീശൻ, പി.പി.രജനി, പി.യമുന എന്നിവർ സംസാരിച്ചു.