ശാർക്കര ശ്രീ ചിത്തിരവിലാസം ബോയ്സ് ഹൈസ്കൂളിൽ ഇനി പെൺകുട്ടികൾക്കും പഠിക്കാം

Wednesday 30 April 2025 2:06 AM IST

ചിറയിൻകീഴ്: ശാർക്കര നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസിന് കീഴിൽ പ്രവർത്തിക്കുന്ന ശ്രീചിത്തിരവിലാസം ബോയ്സ് ഹൈസ്കൂളിൽ ഇനി പെൺകുട്ടികൾക്കും പഠിക്കാം. മിക്സഡ് സ്കൂളാക്കി കൊണ്ടുള്ള സർക്കാർ അംഗീകാരം സ്കൂളിന് ലഭിച്ചു.മികച്ച രീതിയിലുള്ള ക്ലാസ് മുറികൾ,ഫർണിച്ചറുകൾ,കുടിവെള്ളം,ടോയ്‌ലെറ്റുകൾ, സിന്തറ്റിക് കോർട്ട് ഉൾപ്പെടെയുള്ള കളിസ്ഥലം തുടങ്ങിയ എല്ലാ സംവിധാനങ്ങളും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു എന്നതിനുള്ള അംഗീകാരമാണ് ബോയ്സ് ഹൈസ്കൂളിന് പെൺകുട്ടികൾക്ക് കൂടി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവെന്ന് പത്രസമ്മേളനത്തിൽ സ്കൂൾ മാനേജർ സുഭാഷ് ചന്ദ്രൻ അറിയിച്ചു. മിക്സ‌ഡ് സ്കൂളിലേക്ക് അഡ്മിഷന് അപേക്ഷിക്കുന്നവരുടെ എണ്ണം കൂടിയിരിക്കുകയാണ്. നീന്തൽ പഠിക്കേണ്ടതിന്റെ ആവശ്യകത മുൻനിറുത്തി കുട്ടികൾക്ക് നീന്തൽ പരിശീലനം സ്കൂളിൽ നൽകി വരുന്നു. കലോത്സവങ്ങളിലും പഠനനിലവാരത്തിലും മുൻപന്തിയിലുളള നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസിൽ ബോയ്സിന് ഹയർ സെക്കൻഡറി കൂടി അനുവദിക്കണമെന്നാണ് സ്കൂൾ അധികൃതരുടെ ആവശ്യം. ബോയ്സിന് ഹയർസെക്കൻഡി സ്കൂൾ ഇല്ലാത്ത അപൂർവ്വം പഞ്ചായത്തുകളിൽ ഒന്നാണ് ചിറയിൻകീഴ്.പത്രസമ്മേളനത്തിൽ പി.ടി.എ പ്രസിഡന്റ് സതീഷ്, വിവിധ സ്കൂൾ ഹെഡ് മിസ്ട്രസുമാരായ അജിതകുമാരി,ലതിക എന്നിവർ പങ്കെടുത്തു.