കടുത്തുരുത്തി ബൈപ്പാസ് നിർമ്മാണം അതിവേഗം
കടുത്തുരുത്തി : ഒന്നരപ്പതിറ്റാണ്ടായി ചുവപ്പുനാടയിൽ കുരുങ്ങിക്കിടന്ന കടുത്തുരുത്തി ബൈപ്പാസ് നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു. കോട്ടയം - എറണാകുളം സംസ്ഥാനപാതയ്ക്ക് സമാന്തരമായാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. കടുത്തുരുത്തി ഐ.ടി.സി ജംഗ്ഷൻ മുതൽ ബ്ലോക്ക് ജംഗ്ഷൻ വരെയുള്ള 1.5 കിലോമീറ്റർ നീളത്തിലും 14 മീറ്റർ വീതിയിലുമാണ് ബൈപ്പാസ് നിർമ്മാണം. റോഡിനുവേണ്ടി ഏറ്റെടുത്ത ഭൂമി 2013 നവംബർ അഞ്ചിന് പൊതുമരാമത്തുവകുപ്പിന് കൈമാറിയിരുന്നു. 8.60 കോടിയുടെ ഒന്നാംഘട്ടവും 7.22 കോടിയുടെ രണ്ടാംഘട്ട നിർമ്മാണവും പൂർത്തീകരിച്ചു. നിലവിൽ കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷൻ വരെ കൂട്ടിയോജിപ്പിക്കുന്ന പ്രവർത്തനങ്ങളുമായി. ഇപ്പോൾ മണ്ണ് നിറച്ചാണ് നിർമ്മാണം. കൂടുതൽ ബലവത്തായി റോഡ് നിലനിൽക്കുന്നതിന് ഉപകരിക്കുന്ന വിധത്തിൽ നിർമ്മാണ ജോലികൾ അടുത്ത ഘട്ടത്തിൽ നടപ്പാക്കും. അന്തിമഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ തീരുമാനിക്കുന്നതിനായി അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. യുടെ നേതൃത്വത്തിലുള്ള സന്ദർശനവും അനുബന്ധയോഗവും മേയ് 5 ന് ഉച്ചകഴിഞ്ഞ് 3 ന് നടക്കും. ടാറിംഗ് ജോലികൾ ഉൾപ്പെടെ യോഗത്തിൽ തീരുമാനിക്കും.
കുരുക്കഴിയും, യാത്രക്കാർക്ക് ആശ്വാസം
ബൈപ്പാസ് പൂർത്തിയാകുന്നതോടെ വലിയവാഹനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്കു ടൗണിൽ പ്രവേശിക്കാതെ പോകാനാവും. മുട്ടുചിറ മുതൽ ആപ്പാഞ്ചിറ വരെ നീളുന്ന ഗതാഗതക്കരുക്കിന് പരിഹാരമാകും. ആംബുലൻസുകളടക്കം ട്രാഫിക് ബ്ലോക്കിൽ കുരുങ്ങുന്നത് നിത്യകാഴ്ചയാണ് . രാവിലെയും വൈകിട്ടുമാണ് കുരുക്ക് രൂക്ഷം. ടൗൺ പിന്നിടാൻ വാഹനങ്ങൾക്ക് മണിക്കൂറുകൾ കാത്തുകിടക്കണം. വാഹനങ്ങളുടെ അമിതവേഗവും അനധികൃത പാർക്കിംഗുമെല്ലാം അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.
ഉന്നത നിലവാരത്തിൽ ടാറിംഗ്
സംരക്ഷണഭിത്തി നിർമാണം
ഗ്രാമീണറോഡിൽ അടിപ്പാത
വെള്ളക്കെട്ടിന് പരിഹാരം കാണൽ
ഇരുവശവും ബലപ്പെടുത്തൽ
''ബൈപ്പാസ് സമയബന്ധിതമായി തുറന്നു കൊടുക്കും. 9.67 കോടിയുടെ നിർമ്മാണപ്രവൃത്തികളാണ് നടക്കുന്നത്. മുഴുവൻ ജോലികളും ഉടൻ പൂർത്തീകരിക്കുകയാണ് ലക്ഷ്യം''
-മോൻസ് ജോസഫ് എം.എൽ.എ
അന്തിമഘട്ടത്തിൽ 9.67 കോടിയുടെ വികസനപ്രവർത്തനം