കേരളം ആധുനിക വിജ്ഞാനോത്പാദന  കേന്ദ്രമായി  മാറുന്നു : മുഖ്യമന്ത്രി

Wednesday 30 April 2025 12:42 AM IST

കോട്ടയം : ഒമ്പതുവർഷത്തെ ഇടതുസർ‌ക്കാരിന്റെ ഭരണനേട്ടമായ വികസന കുതിപ്പിൽ കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി

കോട്ടയം ഈരയിൽക്കടവ് ആൻസ് കൺവെൻഷൻ സെന്ററിൽ നടത്തിയ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക വിജ്ഞാനോത്പാദന കേന്ദ്രമായി കേരളം മാറുകയാണ്. രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സർവകലാശാല,​ ഡിജിറ്റൽ സയൻസ് പാർക്ക് എല്ലാം കേരളത്തിലാണ്. ഐ.ടി പാർക്കുകളിൽ 1706 കമ്പനികൾ ഇപ്പോഴുണ്ട്. 90000 കോടിയുടെ ഐ.ടി കയറ്റുമതിയാണുള്ളത്. സ്റ്റാർട്ടപ്പുകളുടെ പറുദീസയായി കേരളം നീങ്ങുമ്പോഴും ഒറ്റപ്പെട്ട സംഭവങ്ങൾ ഉയർത്തി വലിയ തോതിൽ എതിർ പ്രചാരണം നടക്കുന്നു. നാടിന് മാറ്റങ്ങളുണ്ടാകുമ്പോൾ എതിർക്കുന്നവർ ഇവിടുത്തെ വികസനവും പുരോഗതിയുമാണ് തടയുന്നത്. നവംബർ ഒന്നിന്ന് അതിദരിദ്രർ ഇല്ലാത്ത കേരളമായി സംസ്ഥാനത്തെ പ്രഖ്യാപിക്കും. കേന്ദ്ര സർക്കാർ അർഹതപ്പെട്ട സഹായം നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി വി.എൻ.വാസവൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി പി.പ്രസാദ്,​ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്,​ ജോസ് കെ മാണി എം.പി,​ എം.എൽ.എമാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ,​ ജോബ് മൈക്കിൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമതല പ്രേംസാഗർ,​ ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ ഡോ. വി.കെ. രാമചന്ദ്രൻ, ജോസ് കെ.മാണി എം.പി, ഗവ.സെക്രട്ടറി എസ്.ഹരികിഷോർ എന്നിവർ പങ്കെടുത്തു. കളക്ടർ ജോൺ സാമുവൽ സ്വാഗതം പറഞ്ഞു.