വിനീത് ശ്രീനിവാസൻ ചിത്രം സിംലയിൽ
ഹൃദയം, വർഷങ്ങൾക്കുശേഷം എന്നീ ചിത്രങ്ങൾക്കുശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നോബിൾ ബാബു തോമസ് നായകൻ. സിംലയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം മെറിലാന്റ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്നു. ഈ കൂട്ടുകെട്ടിലെ മൂന്നാമത്തെ ചിത്രമാണ്. ഹംഗറി ആണ് പ്രധാന ലൊക്കേഷൻ. ഹംഗറിയിലെ ചിത്രീകരണത്തിനുശേഷമാണ് സിംലയിൽ എത്തിയത്. മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത ഹെലൻ സിനിമയിൽ നടനും സഹ എഴുത്തുകാരനുമായി നോബിൾ പ്രവർത്തിച്ചിട്ടുണ്ട്.
വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവ്വഹിച്ച ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന ചിത്രത്തിന്റെ നിർമ്മാതാവുമാണ്. വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രം ആക്ഷൻ ഗണത്തിൽപ്പെടുന്നു എന്നാണ് വിവരം. വിനീത് തന്നെയാണ് രചന. കലാഭവൻ ഷാജോൺ ആണ് മറ്രൊരു പ്രധാന താരം. ജോമോൻ ടി ജോൺ ഛായാഗ്രഹണവും ഷാൻ റഹ്മാൻ സംഗീത സംവിധാനവും നിർവഹിക്കുന്നു. അതേസമയം മലർവാടി ആർട്സ് ക്ളബ് എന്ന ചിത്രത്തിലൂടെയാണ് വിനീത് ശ്രീനിവാസൻ സംവിധായകനാകുന്നത്. ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ ജോമോൻ ടി ജോൺ ആയിരുന്നു. സംഗീതം ഒരുക്കിയത് ഷാൻ റഹ്മാനും. തട്ടത്തിൻ മറയത്ത്, തിര, ജേക്കബിന്റെ സ്വർഗ്ഗരാജ്യം, ഹൃദയം, വർഷങ്ങൾക്കുശേഷം എന്നിവയാണ് മറ്റ് ചിത്രങ്ങൾ. തിര ഒഴികെ എല്ല ാ ചിത്രങ്ങളും ബ്ളോക് ബസ്റ്രറുകളായിരുന്നു.