കണ്ണൂർ സിറ്റിയിലെ വീട്ടിൽ നിന്ന് 14 പവൻ കവർന്നു
കണ്ണൂർ : വീട്ടിൽ നിന്നും പതിനാല് പവൻ കവർന്നു. കണ്ണൂർ സിറ്റി അണ്ടത്തോട് ജാനകി നിവാസിൽ നിവ്യ ശ്രീരാജിന്റെ വീട്ടിലാണ് ഇന്നലെ പുലർച്ചെ 1.30നും 2.30നും ഇടയിൽ കവർച്ച നടന്നത്. സ്ത്രീകൾ മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. വീടിന്റെ ഓടിളക്കി അകത്തു കടന്ന് അലമാരയിൽ സൂക്ഷിച്ച് സ്വർണം കവരുകയായിരുന്നു.
പുലർച്ചെ രണ്ടരക്ക് വീട്ടുകാർ ഉണർന്നപ്പോഴാണ് കവർച്ച നടന്നതായി മനസ്സിലാക്കിയത്. അടുക്കള വാതിൽ തുറന്നിട്ട നിലയിലായിരുന്നു. സിറ്റി പോലീസെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
ആനയിടുക്കിൽ മോഷണശ്രമം കഴിഞ്ഞദിവസം താണ ആനയിടുക്ക് ഭാഗത്തും മോഷണ ശ്രമം നടന്നിരുന്നു. വീട്ടുകാർ ഉണർന്നതിനാൽ മോഷ്‌ടാക്കൾ ഓടിരക്ഷപ്പെടുകയായിരുന്നു. മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ടെന്നാണ് വിവരം. പരാതിയുടെ അടിസ്ഥാനത്തിൽ ഇവിടെയും പോലീസെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.