ട്രാൻ. ബസുകളിൽ ടിക്കറ്റിന് പണം 'ചലോ' ആപ്പിലൂടെ

Wednesday 30 April 2025 1:10 AM IST

ആലപ്പുഴ: കെ.എസ്.ആർ.ടി.സി ബസുകളിൽ ടിക്കറ്റിന് ഡിജിറ്റൽ പണമിടപാട് നടപ്പാക്കുന്നതിന്റെ പരീക്ഷണം ജില്ലയിൽ നടന്നുവരുന്നു. ആലപ്പുഴ ഡിപ്പോയിലെ പകുതിയോളം റൂട്ടുകളിൽ കഴിഞ്ഞ പത്ത് ദിവസങ്ങളിലായി പരീക്ഷണ ഓട്ടം നടത്തുന്നുണ്ട്.

കണ്ടക്ടർമാരുടെ കൈവശമുള്ള ചലോ അപ്പിൽ ക്യു ആർ കോഡ് സ്കാൻ ചെയ്ത് യാത്രക്കാരന്റെ അക്കൗണ്ടിൽ നിന്ന് ടിക്കറ്റ് നിരക്ക് ഈടാക്കുന്നതാണ് സംവിധാനം. ചേർത്തല, കായംകുളം, മാവേലിക്കര, ഹരിപ്പാട് ഡിപ്പോകളിലും പരീക്ഷണ ഓട്ടം നടക്കുന്നുണ്ട്.

ആപ്പ് വഴി ടിക്കറ്റിന് പണമടയ്ക്കുമ്പോൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് ആദ്യഘട്ടത്തിൽ പഠിക്കുന്നത്. ചലോ ആപ്പിന്റെ ടെക്നീഷ്യൻമാർ ആപ്പ് കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് കണ്ടക്ടർമാർക്ക് പരിശീലനം നൽകി. പരീക്ഷണം വിജയമെന്ന് കണ്ടെത്തിയതോടെ, ഏതാനും മാസങ്ങൾക്കുള്ളിൽ ഓർഡിനറി ഉൾപ്പടെയുള്ള സർവീസുകളിൽ ഡിജിറ്റൽ ഇടപാട് സജ്ജമാക്കാനുള്ള തയാറെടുപ്പിലാണ് കെ.എസ്.ആർ.ടി.സി അധികൃതർ.

റൂട്ടറിയാം സ്റ്റോപ്പറിയാം

1.ടിക്കറ്റ് ഇടപാടിന് പുറമേ ഏതൊക്കെ റൂട്ടിൽ ബസുകളുണ്ടെന്ന് യാത്രക്കാരന് അറിയാനുൾപ്പെടെ സഹായിക്കുന്നതാണ് പ്ലേ സ്റ്റോറിൽ ലഭ്യമായ ചലോ ആപ്പ്

2.ആപ്പിലൂടെ ബസിന്റെ തത്സമയ സഞ്ചാരപാത മനസ്സിലാക്കാം. നിശ്ചിത റൂട്ടിൽ ഏതെല്ലാം ബസുകൾ എവിടെയെത്തി, സ്റ്റോപ്പെവിടെ എന്നിവയും

അറിയാനാകും

3.ടിക്കറ്റ് മുൻകൂർ ബുക്ക് ചെയ്യാനുള്ള സംവിധാനവുമുണ്ടാകും. മുംബയ് ആസ്ഥാനമായ ചലോ മൊബിലിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ആപ്പ് വികസിപ്പിച്ചത്.

അതൃപ്തിയുമായി ഒരു വിഭാഗം

ചലോ ആപ്പ് ഹിറ്റായാൽ ഭാവിയിൽ കണ്ടക്ടറില്ലാതെ തന്നെ ബസിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും കാർഡ് സ്വൈപ്പ് ചെയ്യുന്ന തരത്തിൽ സംവിധാനങ്ങൾ വരാനുള്ള സാദ്ധ്യതയുള്ളതിനാൽ ഒരു വിഭാഗം ജീവനക്കാർക്കിടയിൽ അതൃപ്തി ഉടലെടുത്തിട്ടുണ്ട്. നെറ്റ് വർക്കിനെ ആശ്രയിച്ച് മാത്രം പ്രവർത്തിക്കുന്ന സംവിധാനം പൂർണ്ണമായും വിശ്വസിക്കാനാവില്ലെന്നും, നെറ്റ് ലഭിക്കാത്ത സ്ഥലങ്ങളിൽ പ്രതിസന്ധി നേരിടുമെന്നും ജീവനക്കാർ പറയുന്നു. ഓരോ ടിക്കറ്റിനും ചലോ കമ്പനിക്ക് നിശ്ചിതനിരക്ക് നൽകേണ്ടി വരും.

ഡിജിറ്റൽ പേയ്മെന്റിന്റെ പരീക്ഷണ ഓട്ടത്തിൽ ഇടപാടുകൾ ഫലപ്രദമായി നടത്താൻ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. കണ്ടെത്തിയ പിഴവുകൾ ആപ്പ് ടെക്നീഷ്യൻമാരുടെ ശ്രദ്ധയിൽപ്പെടുത്തുന്നുണ്ട്

- എ.ടി.ഒ, ആലപ്പുഴ