മാർക്കറ്റുണ്ട് പക്ഷേ കച്ചവടം വഴിയിൽ
കല്ലറ: കല്ലറയ്ക്ക് സ്വന്തമായി മാർക്കറ്റുണ്ട്. പക്ഷേ വ്യാപാരം റോഡിലും മാർക്കറ്റിലേക്കുള്ള വഴിയിലുമാണെന്നു മാത്രം. ഒരുകാലത്ത് നിരവധി വ്യാപാരികൾ ആശ്രയിച്ചിരുന്ന ഇവിടം കാലപ്പഴക്കവും പരാധീനതകളും കാരണം നാശത്തിന്റെ വക്കിലായതോടെ കച്ചവടം വഴിയിലേക്ക് മാറ്റി.
എട്ട് ലക്ഷത്തോളം രൂപ പ്രതിവർഷം ലേലം നടന്നിരുന്ന കല്ലറ മാർക്കറ്റിലെ അറവുശാല എപ്പോൾ വേണമെങ്കിലും നിലംപൊത്താം. മത്സ്യ വ്യാപാരം പേരിനുപോലുമില്ല. ലക്ഷങ്ങൾ ചെലവാക്കി മത്സ്യഫെഡ് രണ്ട്മുറി കെട്ടിടം നിർമ്മിച്ച് കച്ചവടം ആരംഭിച്ചെങ്കിലും ആരും മാർക്കറ്റിൽ എത്താതായതോടെ അതും പൂട്ടി. നിലവിൽ തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമാണ് ഇവിടം.
നിലവിലെ അവസ്ഥ
1. മാർക്കറ്റിലെ അറവുശാല എപ്പോൾ വേണമെങ്കിലും നിലംപൊത്താം
2. മത്സ്യഫെഡിന്റെ മത്സ്യവ്യാപാക കേന്ദ്രവും പൂട്ടി
3. മലിനജലം കാരണം ദുർഗന്ധം
4. മഴക്കാലമായാൽ പകർച്ചവ്യാധി ഭീഷണിയും
കന്നുകാലികളും കാണാനില്ല
മലഞ്ചരക്കുകളാൽ സംപുഷ്ടമായിരുന്ന കല്ലറ മാർക്കറ്റിനെ കൊച്ചാലപ്പുഴ ചന്ത എന്നാണ് അറിയപ്പെട്ടിരുന്നത്. കൊല്ലം ജില്ലയിലെ അഞ്ചൽ, ആറ്റിങ്ങൽ മാമം തുടങ്ങിയ മാർക്കറ്റുകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കന്നുകാലികൾ വിറ്റുപോയിരുന്ന കല്ലറ മാർക്കറ്റിൽ പേരിനുപോലും കന്നുകാലി കച്ചവടം നടക്കുന്നില്ല. അംഗീകൃത അറവുശാല ഇല്ലാത്തതിനാൽ അനധികൃത കശാപ്പും പഞ്ചായത്തിലുടനീളമുണ്ട്.
ആധുനിക അറവുശാല ചുവപ്പുനാടയിൽ ആധുനിക രീതിയിൽ അറവുശാല ഉൾപ്പെടെയുള്ള മാർക്കറ്റ് വരുമെന്ന് പറഞ്ഞെങ്കിലും അതും ചുവപ്പുനാടയിൽ കുടുങ്ങി. ആധുനിക രീതിയിൽ മാർക്കറ്റ് പണിതാൽ വഴിയോരക്കച്ചവടം അവസാനിപ്പിക്കാം. ഇതിനായി അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പകർച്ചവ്യാധിയും
മഴ പെയ്താൽ മാർക്കറ്റിനകം ചെളിക്കെട്ടാണ്. വേനൽക്കാലത്തുപോലും മീൻവെള്ളവും മലിനജലവും കാരണം ദുർഗന്ധമാണ്. ഈ സാഹചര്യത്തിൽ മഴക്കാലം തുടങ്ങിയാൽ പകർച്ചവ്യാധിവരെ പിടിപെട്ടേക്കാം. ഇതിന് പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.