വിഴിഞ്ഞത്തിന് ഉമ്മൻ ചാണ്ടിയുടെ പേരിടണം:കെ .സുധാകരൻ
തിരുവനന്തപുരം:വിഴിഞ്ഞം ഉദ്ഘാടന ചടങ്ങിൽനിന്ന് പ്രതിപക്ഷനേതാവിനെ മാറ്റിനിർത്താൻ ശ്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നാണംകെട്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. പ്രതിപക്ഷം തുറന്നുകാട്ടിയതോടെയാണ് സർക്കാരും ബി.ജെ.പിയും ചേർന്ന് പിണറായി സർക്കാരിന്റെ വാർഷികം ആഘോഷിക്കുവാൻ നടത്തിയ നീക്കം പൊളിഞ്ഞത്. 2023ൽ ആദ്യ കപ്പൽ വന്നപ്പോൾ സർക്കാർ നടത്തിയ ആഘോഷത്തിനിടയിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരുപോലും പറയാതിരുന്ന പിണറായി ഇത്തവണ ആ തെറ്റുതിരുത്തണം. പദ്ധതിയുടെ ശില്പി എന്ന നിലയിൽ തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേരു നല്കണം.
പിണറായി എട്ടുകാലി മമ്മൂഞ്ഞാവരുത്: വി.ഡി.സതീശൻ
പിണറായി വിജയൻമാർ ഭാവിയിൽ ഉണ്ടാകുമെന്ന് കണ്ടുകൊണ്ടാണ് വൈക്കം മുഹമ്മദ് ബഷീർ എട്ടുകാലി മമ്മൂഞ്ഞിനെ സൃഷ്ടിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. നാട്ടിൽ എന്ത് നടന്നാലും അതിന്റെ പിതൃത്വം അവകാശപ്പെടുന്ന എട്ടുകാലി മമ്മൂഞ്ഞിന്റെ അബദ്ധം പിണറായി വിജയന് സംഭവിക്കരുത്. വിഴിഞ്ഞം തുറമുഖം ഉമ്മൻ ചാണ്ടി കൊണ്ടുവന്നപ്പോൾ 6000 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ പറഞ്ഞത്. 2019 ൽ തീർക്കേണ്ട വിഴിഞ്ഞം പദ്ധതി ആറു കൊല്ലം വൈകി ഇപ്പോൾ സ്വാഭാവികമായും പൂർത്തിയായതാണെന്നും വി.ഡി.സതീശൻ പറഞ്ഞു.