സുകുമാരൻ നായരെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി
ചങ്ങനാശേരി : ശസ്ത്രക്രിയയ്ക്ക് ശേഷം പെരുന്ന മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ഓഫീസിലേക്ക് വരുന്നതിനിടെ കാൽതട്ടി വീണ് ഇടുപ്പിനായിരുന്നു പരിക്ക്. കോട്ടയം ഭാരത് ഹോസ്പിറ്റലിലായിരുന്നു ശസ്ത്രക്രിയ. തുടർപരിശോധനയ്ക്കാണ് മെഡിക്കൽ മിഷനിൽ പ്രവേശിപ്പിച്ചത്. സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കോട്ടയത്ത് എൽ.ഡി.എഫ് മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് മടങ്ങവെയാണ് മുഖ്യമന്ത്രിയെത്തിയത്. ചികിത്സാ വിവരങ്ങൾ അന്വേഷിച്ചു. എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും കർമ്മപദത്തിൽ പൂർണ്ണ ആരോഗ്യവാനായി മടങ്ങിയെത്താൻ കഴിയട്ടെയെന്നും ആശംസിച്ചു. 15 മിനിറ്റ് ഇവിടെ ചെലവഴിച്ചു. മന്ത്രി വി.എൻ വാസവൻ, അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ, എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ഹരികുമാർ കോയിക്കൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.