നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചത് ഉന്നതൻ: ശാരദ മുരളീധരൻ

Wednesday 30 April 2025 1:26 AM IST

തിരുവനന്തപുരം: നിറത്തിന്റെ പേരിൽ തനിക്ക് അധിക്ഷേപം നേരിടേണ്ടിവന്നത് ഉന്നതനായ ഒരാളിൽ നിന്നാണെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ പറഞ്ഞു. പിന്നീട് പല തവണ അദ്ദേഹവുമായി ഇടപെട്ടെങ്കിലും ഇതുവരെ ക്ഷമാപണം നടത്തിയിട്ടില്ലെന്നും ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവേ അവർ വ്യക്തമാക്കി. ആ ഉന്നതൻ രാഷ്ട്രീയക്കാരനാണോ എന്ന ചോദ്യത്തിന് മറുപടി നൽകിയില്ല. നിറത്തിന്റെ പേരിലുണ്ടായ അധിക്ഷേപത്തെ സമൂഹമാദ്ധ്യമങ്ങളിലൂടെ ചീഫ് സെക്രട്ടറി പ്രതിരോധിച്ചത് ലോകംമുഴുവൻ ശ്രദ്ധിച്ചിരുന്നു.

ചീഫ് സെക്രട്ടറി പദവിയിൽ നിന്ന് ശാരദ മുരളീധരൻ ഇന്ന് വിരമിക്കുകയാണ്. പ്രകൃതിദുരന്തത്തിനിരയായ വയനാടിലെ മേപ്പാടി,മുണ്ടക്കൈ,ചൂരൽമല എന്നിവിടങ്ങളിലെ പുനരധിവാസ പ്രവർത്തനത്തിന് തുടക്കം കുറിക്കാനായതിന്റെ ചാരിതാർത്ഥ്യവുമായാണ് പടിയിറക്കം. പുനരധിവാസ പ്രവർത്തനങ്ങളുടെ ഉന്നതതല സമതി അദ്ധ്യക്ഷ ചീഫ് സെക്രട്ടറിയാണ്.സർക്കാരിന്റെ നാലാംവാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചതിൽ പങ്കാളിയുമായി.അതേസമയം ഐ.എ.എസ്.ഓഫീസർ എൻ.പ്രശാന്തിന്റെ സസ്പെൻഷനിൽ തീരുമാനമുണ്ടാക്കാനായില്ല.കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായ പ്രശാന്ത് മുതിർന്ന ഐ.എ.എസ് ഓഫീസർ ഡോ.എ.ജയതിലകിനെ സമൂഹമാദ്ധ്യമങ്ങളിലൂടെ പരസ്യമായി അധിക്ഷേപിച്ചതിനാണ് കഴിഞ്ഞ നവംബറിൽ പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്. താൻ ഇരയാക്കപ്പെട്ടുവെന്ന തോന്നലാണ് പ്രശാന്തിന്റെ പ്രശ്നമെന്നാണ് ചീഫ് സെക്രട്ടറിയെന്ന നിലയിൽ ശാരദ മുരളീധരന്റെ വിലയിരുത്തൽ. ഇക്കാര്യത്തിൽ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടാണ് ചീഫ് സെക്രട്ടറി സ്ഥാനം ഒഴിയുന്നത്.