ജസ്റ്റിസ് ബി.ആർ. ഗവായ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി: ദളിത് വിഭാഗത്തിലെ ജസ്റ്റിസ് ബി.ആർ.ഗവായ് സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്. 52ാമത് ചീഫ് ജസ്റ്രിസായി മേയ് 14ന് സത്യപ്രതിജ്ഞ ചെയ്യും. നിയമനം രാഷ്ട്രപതി അംഗീകരിച്ചതിന് പിന്നാലെ കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന മേയ് 13ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.
മലയാളിയായ ജസ്റ്റിസ് കെ.ജി.ബാലകൃഷ്‌ണനു ശേഷം ഇന്ത്യൻ ജുഡീഷ്യറിയുടെ പരമോന്നത പദവിയിൽ എത്തുന്ന രണ്ടാമത്തെ ദളിത് വിഭാഗത്തിൽപ്പെട്ട ജഡ്‌ജിയാണ് ഗവായ്. നവംബർ 23വരെ സർവീസ് കാലാവധിയുണ്ട്.
1960 നവംബർ 24ന് മഹാരാഷ്ട്രയിലെ അമരാവതിയിലാണ് ബി.ആർ.ഗവായിയുടെ ജനനം. പിതാവ് ആർ.എസ്.ഗവായ് റിപ്പബ്ലിക്കൻ പാർട്ടി ഒഫ് ഇന്ത്യ നേതാവായിരുന്നു. കേരളം, സിക്കിം, ബീഹാർ എന്നിവിടങ്ങളിൽ ഗവർണറുമായിരുന്നു. ജസ്റ്റിസ് ഗവായ് 1985 മാർച്ചിൽ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിൽ അഭിഭാഷനായി പ്രാക്‌ടീസ് തുടങ്ങി. 2000ൽ സർക്കാർ അഭിഭാഷകനായി. 2003 നവംബർ 14ന് ബോംബെ ഹൈക്കോടതി ജഡ്‌ജിയായി. 2019 മേയ് 24ന് സുപ്രീംകോടതി ജഡ്‌ജിയായി സ്ഥാനക്കയറ്രം ലഭിച്ചു.