ഹെഡ്ഗേവാർ വിവാദം: പാലക്കാട് നഗരസഭ കൗൺസിലിൽ സംഘർഷം

Wednesday 30 April 2025 1:35 AM IST

പാലക്കാട്: നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ, പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ സംഘർഷം. നൈപുണ്യ വികസന കേന്ദ്രത്തിന് ആർ.എസ്.എസ് നേതാവ് ഹെഡ്ഗേവാറിന്റെ പേര് നൽകാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി ഭരണസമിതിക്കെതിരെ എൽ.ഡി.എഫ്, യു.ഡി.എഫ് അംഗങ്ങൾ രംഗത്തെത്തിയതാണ് സംഘർഷത്തിനിടയാക്കിയത്.

നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരനെ പ്രതിപക്ഷാംഗങ്ങൾ കൈയേറ്റം ചെയ്തു. കൗൺസിലർമാർ തമ്മിൽ ഉന്തുംതള്ളും കൈയാങ്കളിയുമുണ്ടായി. സംഘർഷത്തിൽ യു.ഡി.എഫ് കൗൺസിലർ മൻസൂറിന് പരിക്കേറ്റു. യു.ഡി.എഫ് കൗൺസിലർ അസനപ്പ, എൽ.ഡി.എഫ് കൗൺസിലർ സലീന എന്നിവർ കുഴഞ്ഞുവീണു. ബഹളത്തിനിടെ ചെയർപേഴ്സനെ ബി.ജെ.പി അംഗങ്ങൾ പുറത്തെത്തിച്ച് ഓഫീസ് മുറിയിലേക്ക് മാറ്റിയെങ്കിലും അവിടെയും പ്രതിഷേധം തുടർന്നു.

കൗൺസിൽ അജണ്ടയിൽ നിന്ന് ഈ വിഷയം ഒഴിവാക്കണമെന്ന് പ്രതിപക്ഷാംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും ചെയർപേഴ്സൺ വഴങ്ങാത്തതോടെയാണ് ബഹളം തുടങ്ങിയത്. അതിനിടെ അജണ്ടയെല്ലാം പാസായതായി ചെയർപേഴ്സൺ അറിയിച്ചതോടെ കൈയാങ്കളിയിലേക്ക് കാര്യങ്ങൾ നീങ്ങി. സംഘർഷം മണിക്കൂറുകൾ നീണ്ടുനിന്നു. ഉച്ചയോടെ കൗൺസിലർമാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തുനീക്കി. അതിനിടെ പാലക്കാട് ജിന്ന സ്ട്രീറ്റിന്റെ പേര് മാറ്റണമെന്ന പ്ലക്കാർഡുകളുമായി ബി.ജെ.പി പ്രവർത്തകർ പുറത്ത് പ്രതിഷേധിച്ചു.

ഹെഡ്‌ഗേവാറിന്റെ പേര് നൽകാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് ചെയർപേഴ്സൺ വ്യക്തമാക്കി. ഹെഡ്‌ഗേവാറിന്റെ പേരിടാനുള്ള ചർച്ചയിൽ നിന്ന് ബി.ജെ.പി ഒളിച്ചോടുകയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ആരോപിച്ചു. ഇതിനെതിരെ രാഷ്ട്രീയമായും നിയമപരമായും പോരാടുമെന്നും പറഞ്ഞു.