ഹൈബ്രിഡ് കഞ്ചാവ് കേസ്. തസ്ളിമയും സൗമ്യയും തമ്മിൽ തുടർച്ചയായി പണമിടപാട്

Wednesday 30 April 2025 1:15 AM IST

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ മുഖ്യപ്രതി തസ്ളിമയും മോഡൽ സൗമ്യയും തമ്മിൽ കഴിഞ്ഞ മൂന്നുമാസത്തിനിടെ നടന്നത് തുടർച്ചയായ ബാങ്ക് പണമിടപാട്. ഇത് 130 പേജോളം വരും. ലക്ഷങ്ങളുടെ പണമിടപാടുകൾക്ക് പിന്നിൽ റിയൽമീറ്റാണെന്ന് സൗമ്യ കഴിഞ്ഞദിവസം എക്സൈസിനോട് പറഞ്ഞെങ്കിലും ഉദ്യോഗസ്ഥർ പൂർണമായും വിശ്വസിച്ചിട്ടില്ല. ചെറിയ തുകകളുടെ ഇടപാടുകൾ സംബന്ധിച്ച് എക്സൈസ് പരിശോധിക്കുന്നുണ്ട്. ഇതിനായി സൗമ്യയെ വീണ്ടും ചോദ്യം ചെയ്തേക്കും.

അതിനിടെ, തസ്ളിമയുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ സിനിമാനിർമ്മാതാക്കളുടെ സഹായി ജോഷി, റിയാലിറ്റി ഷോ താരം ജിന്റോ എന്നിവരേയും എക്സൈസ് ഇന്നലെ ചോദ്യം ചെയ്തു.

രണ്ട് തവണയാണ് തസ്ലിമയ്ക്ക് പണം നൽകിയതെന്നും അച്ഛൻ മരിച്ചെന്ന് പറഞ്ഞതുകൊണ്ടാണ് പണം കൊടുത്തതെന്നുമാണ് ജിന്റോയുടെ മൊഴി. ലഹരി ഉപയോഗിക്കാറില്ലെന്നും പറഞ്ഞു. തസ്ലീമയുടെ ലഹരി ഇടപാടുകളുമായി ബന്ധമില്ലെന്ന് ജോഷി മാദ്ധ്യമങ്ങളോട് പറഞ്ഞു.

ലഹരി മുക്തി വേണമെന്ന്

ശ്രീനാഥ് ഭാസി

ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും അതിൽനിന്ന് മുക്തി നേടാനുള്ള ശ്രമത്തിലാണെന്നും നടൻ ശ്രീനാഥ് ഭാസി കഴിഞ്ഞദിവസം ചോദ്യം ചെയ്യലിനിടെ എക്സൈസിനോട് പറഞ്ഞു. ഇതിനായി എക്‌സൈസിന്റെ സഹായം വേണമെന്നും ആവശ്യപ്പെട്ടു.