ബസ് ഡ്രൈവറിൽ നിന്ന് കഞ്ചാവ് കണ്ടെത്തി

Wednesday 30 April 2025 1:39 AM IST

തിരുവനന്തപുരം: യാത്രക്കാരെയും കയറ്റിവന്ന ബസിൽ നടത്തിയ പരിശോധനയിൽ ഡ്രൈവറിൽ നിന്ന് കഞ്ചാവ് പിടികൂടി.നെയ്യാറ്റിൻകര പെരുങ്കടവിള മഞ്ചവിളാകം തത്തിയൂർ നെടിയാൻവിള പുത്തൻ വീട്ടിൽ ഷീൻ രാജ്(30) എന്നയാളിൽ നിന്നാണ് രണ്ടുഗ്രാം കഞ്ചാവ് പൊതി പൊലീസ് പിടികൂടിയത്.ഇന്നലെ രാവിലെ 9ഓടെ തമ്പാനൂർ റെയിൽവേ സ്റ്റേഷന് മുന്നിലായിരുന്നു സംഭവം.

തമ്പാനൂർ സി.ഐ വി.എം.ശ്രീകുമാറിന്റെ നേതൃത്വത്തിൽ ലഹരിയുമായി ബന്ധപ്പെട്ട പരിശോധന നടത്തുന്നതിനിടയിലാണ് ഡ്രൈവർ പിടിയിലായത്.ആറ്റുകാൽ മോട്ടേഴ്സിന്റെ ഉടമസ്ഥതയിലുള്ള പ്രാവച്ചമ്പലം - കിഴക്കേകോട്ട - ആറ്റുകാൽ റൂട്ടിലോടുന്ന ബസാണ്.യൂണിഫോമില്ലാതെ നിറയെ യാത്രക്കാരെയും കയറ്റി കരമന ഭാഗത്ത് നിന്ന് കിഴക്കേകോട്ടയിലേക്ക് വരികയായിരുന്നു ബസ്.ബസ് തടഞ്ഞുനിറുത്തി ഡ്രൈവറെ പരിശോധിച്ചപ്പോൾ പരുങ്ങുന്നത് കണ്ട് ദേഹപരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.ഇയാളെ അറസ്റ്റ് ചെയ്തു.