പനീർ ലഭിച്ചില്ല; വിവാഹ വേദിയിലേക്ക് വാഹനം ഇടിച്ചുകയറ്റി യുവാവ്, ആറ് പേർക്ക് പരിക്ക്
ലക്നൗ: വിവാഹാഘോഷത്തിൽ ആവശ്യത്തിന് പനീർ ലഭിക്കാത്തതിനെ തുടർന്ന് വിവാഹ വേദിയിലേക്ക് വാഹനം ഇടിച്ചുകയറ്റി മിനിബസ് ഡ്രൈവറായ യുവാവ്. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഉത്തർപ്രദേശ് ചന്ദൗലിയിലെ ഹമീദ്പൂർ ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രതി ധർമേന്ദ്ര യാദവിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാൾ നേരത്തെ അതിഥികളെ വിവാഹസ്ഥലത്തേക്ക് കൊണ്ടുപോയിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ കൗണ്ടറിൽ നിന്ന് കൂടുതൽ പനീർ ആവശ്യപ്പെട്ടെങ്കിലും അയാൾക്ക് അത് ലഭിച്ചില്ല. ആവശ്യപ്പെട്ടത്ര പനീർ വിളമ്പാൻ ആതിഥേയർ വിസമ്മതിച്ചപ്പോൾ യാദവ് പ്രകോപിതനായി. തുടർന്ന് പ്രതികാരം ചെയ്തുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പ്രതികാര നടപടിയെന്ന നിലയിൽ യാദവ് തന്റെ മിനിബസ് വിവാഹ വേദിയിലേക്ക് ഇടിച്ചുകയറ്റി അതിഥികളെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. വാഹനം മണ്ഡപത്തിന്റെ ചുമരിലും ഇടിച്ചു. സംഭവത്തിൽ വരന്റെ പിതാവിനും മറ്റ് അഞ്ച് പേർക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. വധുവിന്റെ അമ്മാവനും പരിക്കുണ്ട്. ഈ സംഭവത്തോടെ ആഘോഷം താത്കാലികമായി നിറുത്തിവച്ചു. ഇതിനെ തുടർന്ന് ശനിയാഴ്ച രാത്രിയിൽ നടക്കാനിരുന്ന വിവാഹം മുതിർന്നവരുടെയും പൊലീസിന്റെയും ഇടപെടലിലൂടെ ഞായറാഴ്ച പുലർച്ചെയാണ് നടന്നത്. ലോക്കൽ പൊലീസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.