കെ. എസ്. ഇ. ബിയുടെ നീക്കം അപഹാസ്യം
തൃശൂർ: പരിസ്ഥിതി വിദഗ്ധർ തള്ളിക്കളഞ്ഞ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെ പുതിയ പേരിൽ അവതരിപ്പിക്കാനുള്ള കെ.എസ്.ഇ.ബിയുടെ നീക്കം അപഹാസ്യമാണെന്നും പരിസ്ഥിതിയെ തകർക്കുന്ന പദ്ധതി ഉപേക്ഷിക്കുകയാണ് ചെയ്യേണ്ടതെന്നും പ്രോഗ്രസീവ് റൈറ്റേഴ്‌സ് അസോ. ജില്ലാ കമ്മിറ്റി. അതിരപ്പിള്ളി വനമേഖല ഉൾപ്പെടുന്ന പ്രദേശമാകെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ വരുന്നതാണ്. ഇവിടെ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളെല്ലാം പശ്ചിമഘട്ടത്തെ നശിപ്പിക്കും. പരിസ്ഥിതി രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധർ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. വിദഗ്ധ റിപ്പോർട്ടുകളെയും ശാസ്ത്രീയ പഠനങ്ങളെയും അവഗണിച്ച് പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ നീക്കം ഉപേക്ഷിക്കണമെന്ന് പ്രോഗ്രസീവ് റൈറ്റേഴ്‌സ് അസോ. ജില്ലാ പ്രസിഡന്റ് എൻ.മൂസക്കുട്ടി, സെക്രട്ടറി സിജോ പൊറത്തൂർ എന്നിവർ ആവശ്യപ്പെട്ടു.