പാക് അനുകൂല മുദ്രാവാക്യം: വയനാട് സ്വദേശിയെ ആൾക്കൂട്ടം തല്ലിക്കൊന്നു, 15 പേരെ അറസ്റ്റ് ചെയ്തു

Wednesday 30 April 2025 12:51 AM IST

മംഗളൂരു: ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്ഥാൻ അനുകൂല മുദ്രവാക്യം വിളിച്ചെന്ന് ആരോപിച്ച് കർണാടകയിലെ മംഗളൂരുവിൽ ആൾക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. വയനാട് പുൽപ്പള്ളി സ്വദേശി അഷറഫാണ് കൊല്ലപ്പെട്ടത്. അഷ്‌റഫ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് കുടുംബം പറഞ്ഞു. കുടുപ്പു ഭത്ര കല്ലൂർത്തി ക്ഷേത്രത്തിന് സമീപം ഞായറാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 19 പേർക്കെതിരെ ആൾക്കൂട്ട ആക്രമണത്തിന് പൊലീസ് കേസെടുത്തു. അന്വേഷണവും ആരംഭിച്ചു. സച്ചിൻ, ദേവദാസ്, ധീക്ഷിത്, സായ്ദീപ്, നടേശ്, മഞ്ജുനാഥ, സന്ദീപ്, വിവിയൻ ഐവാരിഷ്, ശ്രീദത്ത, രാഹുൽ, പ്രദീപ്കുമാർ, മനീഷ്, ധനുഷ്, ദീക്ഷിത്, കിഷോർ എന്നിവരാണ് അറസ്റ്റിലായവർ.

പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റിനിടെ യുവാവ് 'പാകിസ്ഥാൻ സിന്ദാബാദ്' എന്ന് മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം തല്ലിക്കൊന്നത്. കുടുപ്പു സ്വദേശി സച്ചിനാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം മൃതദേഹം ഗ്രൗണ്ടിൽ ഉപേക്ഷിച്ച് അക്രമികൾ രക്ഷപ്പെട്ടുകയായിരുന്നു. തലയ്ക്കും ദേഹത്തും ആഴത്തിൽ മുറിവേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആന്തരിക രക്തസ്രാവവും ഉണ്ടായിട്ടുണ്ട്. അ​ഷ​റ​ഫി​ന്റെ​ ​മൃ​ത​ദേ​ഹം വെ​ൻ​ലോ​ക്ക് ​ജി​ല്ലാ​ ​ആ​ശു​പ​ത്രി​യുടെ​ ​മോ​ർ​ച്ച​റി​യി​ലേ​ക്ക് ​മാ​റ്റി.

പ്രാദേശിക താമസക്കാരനായ ദീപക് കുമാറിന്റെ പരാതിയെത്തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സജീവമായി തെളിവുകൾ ശേഖരിക്കുകയാണെന്നും ഇതിൽ ഉൾപ്പെട്ട എല്ലാവരും നിയമത്തിന്റെ പരമാവധി ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും കമ്മിഷണർ കൂട്ടിച്ചേർത്തു. സംഭവത്തിൽ ഉൾപ്പെട്ട കൂടുതൽ പേരെ കണ്ടെത്താനായി പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ആൾക്കൂട്ട ആക്രമണത്തിലാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വരയും സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് ലഭിച്ചിട്ടില്ല. കൂടുതൽ അന്വേഷണം തുടരുകയാണെന്നും മന്ത്രി പറഞ്ഞു.