ബി.എസ്.എഫ് ജവാനെ മോചിപ്പിക്കാതെ പാക് കള്ളക്കളി

Wednesday 30 April 2025 7:25 AM IST

ന്യൂഡൽഹി: അബദ്ധത്തിൽ അതിർത്തി കടന്ന ബി.എസ്.എഫ് ജവാൻ പൂർണം കുമാർ സാഹുവിന്റെ മോചന കാര്യത്തിൽ ഒളിച്ചു കളിച്ച് പാകിസ്ഥാൻ. അതിർത്തിയിൽ നിന്ന് സാഹുവിനെ പാക് റേഞ്ചർമാർ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായി സൂചനയുണ്ട്. ബി.എസ്.എഫും പാക് റേഞ്ചേർമാരും തമ്മിൽ നിരവധി ഫ്ളാഗ് മീറ്റിംഗുകൾ നടന്നെങ്കിലും മോചന കാര്യത്തിൽ തീരുമാനമായില്ല. പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിലെ റിഷ്ര സ്വദേശിയായ സാഹുവിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗർഭിണിയായ ഭാര്യ രജനി കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ട്.

ബി.എസ്.എഫ് ഉദ്യോഗസ്ഥരുടെ ഒരു സംഘം സാഹുവിന്റെ വീട് സന്ദർശിച്ച്,മോചനത്തിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഉറപ്പുനൽകിയിരുന്നു. മോചനത്തിനായി ബി.എസ്.എഫ് എന്തു ചെയ്‌തെന്ന് കൃത്യമായി അറിയിക്കുന്നില്ലെന്ന് ഭാര്യ പരാതിപ്പെട്ടു. പ്രതികരിച്ചില്ലെങ്കിൽ പരാതിയുമായി ഡൽഹിയിൽ പോകുമെന്ന് രജനി പറഞ്ഞു.