സ്‌പെയിനിലും പോർച്ചുഗലിലും വൈദ്യുതി പുനഃസ്ഥാപിച്ചു
മാഡ്രിഡ്: യൂറോപ്യൻ രാജ്യങ്ങളായ സ്‌പെയിനിലും പോർച്ചുഗലിലും സംഭവിച്ച, മണിക്കൂറുകൾ നീണ്ട അപ്രതീക്ഷിത വൈദ്യുതി തകരാർ ഇന്നലെ പൂർണമായും പരിഹരിച്ചു. തിങ്കളാഴ്‌ച പ്രാദേശിക സമയം ഉച്ചയ്‌ക്ക് 12.30ഓടെ മാഡ്രിഡ് അടക്കം സ്‌പെയിനിന്റെ വിവിധ ഭാഗങ്ങളിലും പിന്നാലെ പോർച്ചുഗലിലും അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങുകയായിരുന്നു. പവർക്കട്ട് ഇരുരാജ്യങ്ങളിലെയും ഗതാഗതത്തെയും അവശ്യസേവനങ്ങളെയും ബാധിച്ചിരുന്നു. അതേ സമയം, പവർക്കട്ടിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. താപനിലയിലെ വ്യതിയാനം മൂലം സ്പാനിഷ് ഇലക്ട്രിക് ഗ്രിഡിലുണ്ടായ തകരാറാണ് പവർക്കട്ടിന് കാരണമെന്ന് പോർച്ചുഗലിലെ ഊർജ്ജ കമ്പനിയായ ആർ.ഇ.എൻ അറിയിച്ചിരുന്നെങ്കിലും സ്‌പെയിൻ ഇത് സ്ഥിരീകരിച്ചിട്ടില്ല. മനുഷ്യരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച വൈദ്യുതി തകരാറിന് കാരണമായെന്ന് കണ്ടെത്തിയിട്ടില്ല. സൈബർ ആക്രമണ സാദ്ധ്യത ഇരുരാജ്യങ്ങളും തള്ളി.