കോൺക്ലേവിനൊരുങ്ങി വത്തിക്കാൻ

Wednesday 30 April 2025 7:26 AM IST

വത്തിക്കാൻ സിറ്റി: കാലംചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിനായി വത്തിക്കാനിൽ ഒരുക്കങ്ങൾ തുടങ്ങി. മേയ് 7ന് തുടങ്ങുന്ന കോൺക്ലേവിന്റെ വേദിയായ സിസ്റ്റീൻ ചാപ്പലിലേക്കുള്ള വിശ്വാസികളുടെ പ്രവേശനം നിരോധിച്ചിട്ടുണ്ട്.

പുതിയ പുകക്കുഴൽ സ്ഥാപിക്കുന്നതടക്കം ഒരുക്കങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. മാർപാപ്പയുടെ സംസ്‌കാരത്തെ തുടർന്ന് നിലവിൽ വന്ന 9 ദിവസത്തെ ദുഃഖാചരണം മേയ് 4നാണ് അവസാനിക്കുക. കോളേജ് ഒഫ് കർദ്ദിനാൾസിലെ 80 വയസിൽ താഴെയുള്ള 135 കർദ്ദിനാൾമാർക്കാണ് കോൺക്ലേവിൽ വോട്ടവകാശം. മാർപാപ്പ സ്ഥാനാർത്ഥികളിൽ ഒരാൾക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കും വരെ തിരഞ്ഞെടുപ്പ് പ്രക്രിയ തുടരും.

പ്രക്രിയകൾ രഹസ്യമായതിനാൽ ചാപ്പലിന്റെ ചിമ്മിനിയിൽ നിന്ന് ഉയരുന്ന പുകയുടെ നിറത്തിലൂടെയാണ് മാർപാപ്പയെ തിരഞ്ഞെടുത്തോ എന്ന് പുറംലോകം അറിയുന്നത്. കറുത്ത പുകയാണെങ്കിൽ തിരഞ്ഞെടുത്തില്ലെന്നും വെളുത്ത പുകയെങ്കിൽ തിരഞ്ഞെടുത്തു എന്നുമാണ് അർത്ഥം. അതേ സമയം,​ മാർപാപ്പയുടെ സംസ്കാരച്ചടങ്ങിന്റെ ഭാഗമായ എല്ലാവർക്കും കോളേജ് ഒഫ് കർദ്ദിനാൾസ് നന്ദി അറിയിച്ചു.