ഷീലാ സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ്; അന്വേഷണം മകനിലേക്ക്, ചോദ്യം ചെയ്യലിന് രണ്ടാം തവണയും ഹാജരായില്ല

Wednesday 30 April 2025 10:55 AM IST

ഷീലാ സണ്ണി (വലത്), ഷീലാ സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയ ജോസ് (ഇടത് )

തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി കേസിലെ അന്വേഷണം മകനിലേക്ക്. ഷീലയുടെ മകൻ സംഗീതിന്റെ പങ്ക് അന്വേഷിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. രണ്ട് തവണ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും സംഗീത് ഹാജരായിട്ടില്ല. ഇന്നലെ ഷീലാ സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയ ജോസിനെയും അന്വേഷണസംഘം കേസിൽ പ്രതിചേർത്തിരുന്നു.

ഷീല സണ്ണിയുടെ സ്‌കൂട്ടറിൽ വ്യാജ എൽഎസ്‌ടി സ്റ്റാമ്പ് വച്ചത് ലിവിയ ജോസ് ആണെന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ നാരായണദാസ് വെളിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ലിവിയയെ പ്രതിചേർത്തത്. പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലും ലിവിയയുടെ പേരുണ്ട്. എന്നാൽ, ലിവിയ ദുബായിലേക്ക് കടന്നിരിക്കുകയാണ്. ഇവരെ തിരിച്ചെത്തിക്കാനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് കേസിലെ മുഖ്യപ്രതിയായ നാരായണദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊടുങ്ങല്ലൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബംഗളൂരുവിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 2023 ഫെബ്രുവരി 27നാണ് ലഹരിമരുന്ന് കൈവശം വച്ചതിന് ഷീലാ സണ്ണിയെ എക്‌സൈസ് സംഘം പിടികൂടിയത്. ഇന്റർനെറ്റ് കോളിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എന്നാൽ, വ്യാജ എൽഎസ്‌ഡി സ്റ്റാമ്പുകളാണ് പിടികൂടിയതെന്ന് പിന്നീട് ശാസ്‌ത്രീയ പരിശോധനയിൽ സ്ഥിരീകരിക്കപ്പെട്ടു. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ 72 ദിവസമാണ് ഷീല ജയിലിൽ കഴിഞ്ഞത്.

സംഭവത്തിൽ എക്‌സൈസിന് വ്യാജ വിവരം നൽകിയത് മരുമകളുടെ സഹോദരിയുടെ സുഹൃത്തായ തൃപ്പൂണിത്തുറ ഏരൂർ സ്വദേശി നാരായണദാസ് ആണെന്ന് കണ്ടെത്തി. എക്‌സൈസ് ക്രൈംബ്രാഞ്ച് നാരായണദാസിനെ അന്ന് കേസിൽ പ്രതിചേർത്തിരുന്നു. അതിനിടെയാണ് കേസ് പൊലീസിന് കൈമാറാൻ ഹൈക്കോടതി നിർദേശിച്ചതും കൊടുങ്ങല്ലൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചതും.

മരുമകളുടെ സ്വർണം പണയം വച്ചതുമായി ബന്ധപ്പെട്ട് ഷീലയുടെ കുടുംബവും മരുമകളുടെ കുടുംബവും തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നാണ് വിവരം. കടങ്ങൾ വീട്ടാനായി ഷീലാ സണ്ണി ഇറ്റലിയിലേക്ക് പോകാൻ ശ്രമം നടത്തിയപ്പോൾ, സ്വർണത്തിന്റെ കാര്യത്തിൽ തീരുമാനമുണ്ടാക്കാതെയാണ് പോകുന്നതെന്ന് മരുമകളുടെ വീട്ടുകാർക്ക് പരാതി ഉണ്ടായിരുന്നു. തനിക്കുകൂടി അവകാശപ്പെട്ട സ്വത്ത് നഷ്ടമാകുമെന്ന ലിവിയയുടെ ചിന്തയാണു വൈരാഗ്യത്തിന് കാരണമെന്നും പൊലീസിന് സൂചന ലഭിച്ചു. ഷീലയുടെ യാത്ര മുടക്കാൻ ആസൂത്രണം ചെയ്ത് നടപ്പാക്കുകയായിരുന്നു ലഹരിക്കേസ് .