ആവിയാകുന്ന ബോംബുകൾ

Thursday 01 May 2025 3:55 AM IST

അടുത്തിടെയായി നാടെങ്ങും വ്യാജ ബോംബ് ഭീഷണിയാണ്. പത്തനംതിട്ടയിലെയും തിരുവനന്തപുരത്തെയും കളക്ടറേറ്റുകളിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ച ഒരു മാസം പിന്നിട്ടപ്പോഴാണ് തലസ്ഥാനത്തെ മുഖ്യമന്ത്രിയുടെ ഓഫീസിലും ഗവർണറുടെ രാജ്ഭവനിലും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലും ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാത മെയിൽ സന്ദേശമെത്തിയത്. ഇവയെല്ലാം കുട്ടിക്കളിയെന്നോണമാണ് പൊലീസ് കൈകാര്യം ചെയ്യുന്നതെന്ന് തോന്നും. അതല്ലെങ്കിൽ ഒരു മാസം പിന്നിട്ട പത്തനംതിട്ടയിലെയും തിരുവനന്തപുരത്തെയും കളക്ടറേറ്റുകളിലെയും വ്യാജ ബോംബ് ഭീഷണികൾ എത്തിയത് എവിടെ നിന്നാണ് പൊലീസ് പറയണം. ഒരു ഭീഷണി സന്ദേശം എത്തിയിട്ട് ഒരു മാസം കഴിഞ്ഞിട്ടും ഉറവിടം കണ്ടെത്താത്തവർക്ക് യഥാർത്ഥത്തിൽ ഒരു സ്ഫോടനം ഉണ്ടായാൽ പ്രതികളെ കണ്ടു പിടിക്കാൻ എത്ര മാസം വേണ്ടിവരും.

പത്തനംതിട്ട കളക്ടറേറ്റിൽ ആർ.ഡി.എക്സ് ബോംബ് പൊട്ടിത്തെറിക്കുമെന്നായിരുന്നു ഭീഷണി. കേസ് സൈബർ സെൽ അന്വേഷിക്കുന്നുവെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും ഒരു തുമ്പും കിട്ടിയില്ല. കഴിഞ്ഞ മാർച്ച് പതിനെട്ടിനായിരുന്നു ജില്ലാ കളക്ടറുടെ ഇ-മെയിൽ അഡ്രസിൽ ഭീഷണി സന്ദേശമെത്തിയത്.

കളക്ടറേറ്റിൽ മണിക്കൂറുകളോളം പരിഭ്രാന്തി പരത്തിയ സംഭവത്തിൽ പത്തനംതിട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഡിവൈ.എസ്.പി നന്ദകുമാറിനാണ് അന്വേഷണ ചുമതല. ഇംഗ്ളീഷിൽ എത്തിയ ഭീഷണി സന്ദേശം വ്യാജമാണെന്നാണ് പൊലീസ് നിഗമനം. എന്നാൽ, സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞില്ല. ഇ-മെയിൽ അധികൃതർക്ക് വിവരം തേടി കത്തയച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ സൈബർ വിഭാഗം പറയുന്നത്. എന്നാൽ മറുപടി കിട്ടിയിട്ടില്ല.

മാർച്ച് പതിനെട്ടിന് രാവിലെ ആറേമുക്കാലോടെയാണ് കളക്ടർക്ക് സന്ദേശമെത്തിയത്. ഒൻപതേമുക്കാലിന് കളക്ടറുടെ ഇ - മെയിൽ പരിശോധിച്ച ഓഫീസ് ജീവനക്കാരനാണ് ഇംഗ്ളീഷിലുള്ള സന്ദേശം കണ്ടത്. കളക്ടറേറ്റിൽ ആർ.ഡി.എക്സ് പൈപ്പ് ബോംബ് പൊട്ടിത്തെറിക്കുമെന്നും മുൻകരുതലായി ജീവനക്കാരെ ഉടൻ ഒഴിപ്പിക്കണമെന്നുമായിരുന്നു സന്ദേശം. 2001ലെ പാർലമെന്റ് ആക്രമണ കേസിലെ മുഖ്യപ്രതി അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ ഓർമ്മയ്ക്കായാണ് ഇതെന്നുമായിരുന്നു സന്ദേശത്തിൽ. ആസിഫ് ഗഫൂർ എന്ന പേരിലായിരുന്നു സന്ദേശം. കളക്ടർ എസ്.പ്രേംകൃഷ്ണൻ സിവിൽ സർവീസ് പരിശീലന ക്ളാസെടുക്കാൻ ഗോവയിലായിരുന്നു ഈ സമയം. കളക്ടറുടെ ഹുസൂർ ശിരസ്തദാറാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന്, ഡോഗ്, ബോംബ് സ്ക്വാഡുകളെത്തി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.

ആരാണ് ആസിഫാ ഗഫൂർ ?

തീവ്രവാദികളുടേതെന്നോ അവരെ പിന്തുണയ്ക്കുന്നവരുടേതന്നോ സംശയിക്കാവുന്ന മെയിൽ സന്ദേശം പൊലീസ് ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ആക്ഷേപമുയർന്നിരുന്നു. ആസിഫാ ഗഫൂർ എന്ന മെയിലിൽ നിന്നാണ് ഭീഷണി സന്ദേശം എത്തിയത്. പത്തനംതിട്ട കളക്ടറേറ്റിൽ സന്ദേശം ലഭിച്ച ദിവസം തന്നെ തിരുവനന്തപുരം, തൃശൂർ കളക്ടറേറ്റുകളിലും ഭീഷണി സന്ദേശം എത്തിയിരുന്നു. മൂന്ന് സംഭവങ്ങളും മൂന്ന് കേസുകളായിട്ടാണ് അന്വേഷിക്കുന്നത്. മെയിൽ ലഭിച്ച ദിവസം തന്നെ പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും എസ്.പിയുമായും സംസാരിച്ചിരുന്നുവെന്നും ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ പറയുന്നു. സന്ദേശത്തിന്റെ ഉറവിടം തേടി ഇ മെയിൽ അധികൃതർക്കും ഫേസ്ബുക്കിനും കത്തു നൽകിയിരുന്നു. മറുപടി ലഭിച്ചിട്ടില്ലെന്നാണ് ജില്ലാ പൊലീസ് മേധാവി വി. ജി വിനോദ്കുമാറിനണറെ വിശദീകരണം.

പരിഭ്രാന്തിയുടെ മണിക്കൂറുകൾ

ബോംബ് ഭീഷണി കത്ത് ലഭിച്ചതിനെ തുടർന്ന് കളക്ടറേറ്റ് മുൾമുനയിലായത് മണിക്കൂറുകളോളമാണ്. രാവിലെ ജോലിക്കെത്തിയ ജീവനക്കാരെ ഉച്ചയ്ക്ക് രണ്ട് മണിക്കു ശേഷമാണ് ഓഫീസുകളിൽ പ്രവേശിപ്പിച്ചത്. ബോംബ് സ്ക്വാഡും ഫോറൻസിക് വിദഗ്ദ്ധരും കളക്ടറേറ്റിലെ ഓരോ ഓഫീസും അരിച്ചുപെറുക്കിയിട്ടും ഒന്നും കണ്ടെത്താനായില്ല. ഭീഷണി കത്ത് കണ്ട പൊലീസ് വ്യാജമാണെന്ന് അപ്പോൾ തന്നെ അനുമാനത്തിലെത്തിയിരുന്നു. എങ്കിലും നൂറ് കണക്കിനാളുകളെ പരിഭ്രാന്തിയിലാക്കിയ ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തേണ്ടതല്ലേ?​ ഏതാനും വർഷങ്ങൾക്കു മുൻപ് ജില്ലയിലെ ജനറൽ ആശുപത്രിയിലെ ഇ മെയിൽ വിലാസത്തിലേക്കും ബോംബ് ഭീഷണി സന്ദേശമെത്തിയിരുന്നു. പാക്കിസ്ഥാനിൽ നിന്നാണ് സന്ദേശമെത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. അതും വ്യാജമായിരുന്നെങ്കിലും ഉറവിടം കണ്ടെത്താൻ കഴിഞ്ഞില്ല. ഇത്തരം ഭീഷണികളെ നിസാരമായി കണ്ട് തള്ളിക്കളയുന്ന പ്രവണത അവസാനിക്കണം.

തീവ്രവാദവുമായും നക്സലിസവുമായി ബന്ധമുള്ളവരുടെ കണ്ണികൾ കേരളത്തിലുമുണ്ടെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുള്ളതാണ്. അതിസുരക്ഷാ പട്ടികയിലുള്ള ഒട്ടേറെ സ്ഥാപനങ്ങൾ സംസ്ഥാനത്തെമ്പാടുമുണ്ട്. വ്യാജ ബോംബ് ഭീഷണികൾ തുടർക്കഥയാകുമ്പോൾ പൊലീസ് അവയെ നിസാരവത്ക്കരിക്കുന്നത് സ്വാഭാവികമാണ്. ഇത്തരം വ്യാജ ഭീഷണികളിൽ പൊലീസിന്റെ നടപടികളെ മറഞ്ഞ് നിന്ന് നിരീക്ഷിക്കാനുള്ള നീക്കമാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽ അവിചാരിതമായി സ്ഫോടങ്ങൾക്ക് സാക്ഷ്യം വിച്ചിച്ചിട്ടുള്ളതാണ് നമ്മുടെ നാട്.

സ്ഫോടനങ്ങൾ നടക്കുമ്പോൾ പരിശോധനയ്ക്ക് ഇറങ്ങുന്ന സംഘങ്ങൾക്ക് ചെലവേറെയാണ്. സർക്കാരിന്റെ ഖജനാവിൽ നിന്നാണ് ഇതു മുടക്കുന്നത്. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് തുടങ്ങി സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങൾക്കും സ്ഥലത്ത് എത്തണം. എല്ലാ പരിശോധനയും കഴിഞ്ഞ് വ്യാജമാണെന്ന നിഗമനത്തോടെ സ്ഥലം വിടുകയാണ് ചെയ്യുന്നത്. പരിശോധനയ്ക്കൊപ്പം വ്യാജ സന്ദേശങ്ങളുടെ ഉറവിടങ്ങളെയും വൈകാതെ വെളിച്ചത്തു കൊണ്ടുവരേണ്ടതുണ്ട്. ആധുനിക ലോകത്ത് ഇന്റർനെറ്റും സമൂഹമാദ്ധ്യമങ്ങളും വഴിയുള്ള ഭീഷണികൾ ഏറി വരുന്നുണ്ട്. ഇ മെയിൽ വഴിയുള്ള സന്ദേശങ്ങളുടെ ഉറവിടം തേടി ദിവസങ്ങൾ കാത്തിരിക്കേണ്ടി വരുന്നത് അന്വേഷണങ്ങളെ തളർത്തും. ഇൻഫർമേഷൻ ടെക്നോളജി അതിവേഗതയിൽ കുതിക്കുന്ന കാലത്ത് ഈ കാലതാമസം മടുപ്പ് ഉണ്ടാക്കുന്നതാണ്.