വൈക്കോലും പുല്ലുമില്ല, കറവമുട്ടി ക്ഷീരമേഖല
കോട്ടയം : കടുത്ത വേനലിൽ പച്ചപ്പുല്ലിന് ക്ഷാമം നേരിട്ടതും മൂലം പാൽ ഉത്പാദനം കുറഞ്ഞതും ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കുന്നു. ചുട്ടുപൊള്ളുന്ന ചൂടിൽ തോട്ടങ്ങളിലെ പുല്ല് കരിഞ്ഞ് ഉണങ്ങിയിരുന്നു. പാടശേഖരങ്ങളിൽ കൃഷി ആരംഭിച്ചതോടെ ഇവിടെ നിന്നുള്ള പച്ചപ്പുല്ലിന്റെ ലഭ്യതയും ഇല്ലാതായി. പശു, പോത്ത്, ആട്, എരുമ തുടങ്ങിയവ വളർത്തുന്ന ചെറുകിട കർഷകരാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. പച്ചപ്പുല്ലിന്റെ ലഭ്യത കുറയുമ്പോൾ കച്ചിയാണ് വേനൽക്കാലത്ത് കന്നുകാലികൾക്ക് കൊടുക്കുന്നത്. കാലംതെറ്റിയെത്തിയ മഴയെ തുടർന്ന് പുഞ്ച സീസണിൽ കർഷകർക്ക് വേണ്ടത്ര വൈക്കോൽ ശേഖരിക്കാനായില്ല. കച്ചി വാങ്ങാൻ കിട്ടുമെങ്കിലും നിലവിലെ സാഹചര്യത്തിൽ വിലകൊടുത്ത് വാങ്ങാൻ കഴിയില്ലെന്നാണ് കർഷകർ പറയുന്നത്. കാലിത്തീറ്റ വില വർദ്ധനവും ഇരുട്ടടിയാകുകയാണ്. തീറ്റപ്പുല്ലിന് കിലോയ്ക്ക് 5 രൂപയാണ് വില.
നാടൻ കച്ചിയും കിട്ടാക്കനി
നെൽകൃഷി വിളവെടുപ്പ് സീസൺ ആണെങ്കിലും ആശ്രയം വരവ് കച്ചിയാണ്. തമിഴ്‌നാട്ടിൽ നിന്നാണ് കച്ചി ഇറക്കുമതി ചെയ്യുന്നത്. നാട്ടിലെ കച്ചി പൊടിഞ്ഞുപോകുന്ന തരത്തിലായതിനാൽ വരവ് കച്ചിയാണ് ആശ്രയമെന്ന് കർഷകർ പറയുന്നു. കെട്ടിന് 280 രൂപയാണ് വില. മുൻവർഷം 250 രൂപയായിരുന്നു. പാലിന് വിലവർദ്ധിച്ചതാണ് കച്ചിയ്ക്കും വില വർദ്ധിക്കാൻ ഇടയാക്കിയത്. അകിട് വീക്കം, കാത്സ്യം എന്നിവയ്ക്കുള്ള മരുന്നുകൾക്കും വില ഉയരുകയാണ്.
ആശ്രയം കൈതപ്പോള പച്ചപ്പുല്ലും, തീറ്റപ്പുല്ലും കിട്ടാതായതോടെ കൈതപ്പോളയാണ് കർഷകർ കന്നുകാലികൾക്ക് തീറ്റയായി നൽകുന്നത്. കൈതപ്പോള മുൻപ് കൃഷിയിടങ്ങളിൽ നിന്ന് സൗജന്യമായാണ് ശേഖരിച്ചിരുന്നത്. എന്നാൽ ഡിമാൻഡേറിയതോടെ 2 രൂപ നിരക്കിലാണ് കൈതപ്പോള കർഷകന് ലഭിക്കുന്നത്. ഇവ അരിഞ്ഞാണ് കന്നുകാലികൾക്ക് നൽകുന്നത്. കൈത കൃഷിയിടങ്ങളിൽ വാഹനങ്ങളിലും മറ്റും പോയാണ് കർഷകൻ ഇവ ശേഖരിക്കുന്നത്.
കൈത ( ഒരു കെട്ട്) : 30 രൂപ. പുല്ല് (ഒരു കെട്ട്) : 3 രൂപ ഇറക്ക് കൂലി : 3 രൂപ
''
ഒൻപത് വർഷമായി മേഖലയിലുണ്ട്. നിരവധി പേരാണ് മേഖലയിൽ നിന്ന് കൊഴിഞ്ഞു പോയത്. കന്നുകാലികളുടെ എണ്ണം കൂടുതൽ ഉണ്ടെങ്കിൽ മാത്രമേ മെഷീൻ കറവ ലാഭകരമാകൂ.
(ജൂബിൻ, കറുകച്ചാൽ ക്ഷീരകർഷകൻ)