ജോളി മധുവിന്റെ മരണം: റിപ്പോർട്ട് സ്വീകാര്യമല്ലെന്ന് കുടുംബം

Thursday 01 May 2025 12:07 AM IST

കൊച്ചി: കയർ ബോർഡ് ജീവനക്കാരിയായിരുന്ന ജോളി മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്ര എം.എസ്.എം.ഇ മന്ത്രാലയം നടത്തിയ അന്വേഷണ റിപ്പോർട്ട് കണ്ണിൽ പൊടിയിടലാണെന്ന് കുടുംബം. മൂന്നംഗ സമിതിയുടെ അന്വേഷണ റിപ്പോർട്ട് നൽകാനാകില്ലെന്ന് അധികൃതർ ബന്ധുക്കളെ അറിയിച്ചിരുന്നു. റിപ്പോർട്ട് ലഭിക്കുന്നതിന് വിവരാവകാശ അപേക്ഷ നൽകാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം. ആരോപണ വിധേയനായ ചെയർമാൻ വിപുൽ ഗോയലിനെ സ്ഥാനത്തു നിന്നു മാറ്റിനിറുത്താതെയാണ് അന്വേഷിച്ചത്. ഇയാൾക്കെതിരെ നടപടി എടുത്തിട്ടുമില്ല. റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളവർക്കെതിരെ നടപടി എടുക്കേണ്ടതും വിപുൽ ഗോയൽ തന്നെയാണെന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് ജോളിയുടെ സഹോദരൻ എബ്രഹാം പി. ജോസഫ് കേരളകൗമുദിയോട് പറഞ്ഞു. ക്യാൻസർ രോഗിയായിരുന്ന ജോളി മധുവിന് ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് നേരിടേണ്ടി വന്ന പീഡനം, ഭീഷണി, ബോർഡിലെ സാമ്പത്തിക ഇടപാടുകൾ എന്നിവ അന്വേഷിക്കണമെന്നും കയർബോർഡ് മുൻ സെക്രട്ടറി ഇൻചാർജ് ജെ.കെ. ശുക്ലയെ കേസ് തീരുന്നത് വരെ ചുമതലകളിൽ നിന്നു മാറ്റിനി റുത്തണമെന്നുമായിരുന്നു കുടുംബവും ഹൈബി ഈഡൻ എം.പി ഉൾപ്പെടെ രാഷ്ട്രീയ നേതാക്കളും ആവശ്യപ്പെട്ടിരുന്നത്.

ജെ.കെ. ശുക്ലയെ എം.എസ്.എം.ഇ മന്ത്രാലയത്തിലെ ഉപദേഷ്ടാവാക്കാനുള്ള തീരുമാനം ഉപേക്ഷിക്കപ്പെട്ടിരുന്നു. ഇയാൾക്കെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന് അന്വേഷണ സമിതി വ്യക്തമാക്കുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു. അവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ആരോപണം നേരിട്ട അഡ്മിൻ ഇൻചാർജ് സി.യു. എബ്രഹാം മേയ് 31ന് വിരമിക്കും. ഇയാൾക്കെതിരെയും നടപടിയുണ്ടാകില്ലെന്ന് ഉറപ്പായി. അക്കൗണ്ട്‌സ് മാനേജർ എച്ച്. പ്രസാദ് കുമാറിനെ കൊച്ചിയിൽ നിന്ന് കലവൂരിലേക്ക് മാറ്റിയത് മാത്രമാണ് നടപടി. ഇതെല്ലാം കുറ്റാരോപിതരെ സംരക്ഷിക്കുന്നതാണെന്ന് കുടുംബം ആരോപിച്ചു. കയർ ബോർഡിന്റെ കൊച്ചി ഓഫീസിൽ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിന്റെ ചുമതലയുള്ള സെക്ഷൻ ഓഫീസറായിരുന്ന ജോളി മധു പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഫെബ്രുവരി 10 നാണ് മരിച്ചത്.

അന്വേഷണ റിപ്പോർട്ടിൽ:

ജോളിയുടെ ആരോഗ്യാവസ്ഥ പരിഗണിക്കേണ്ടിയിരുന്നു

ജോളിയുടെ പരാതികളിൽ നടപടികളുണ്ടായില്ല

ആരോപണ വിധേയർ : മുൻ സെക്രട്ടറി ജെ.കെ. ശുക്ല, ജോയിന്റ് ഡയറക്ടർ പി.ജി. തോട്കർ, അഡ്മിൻ ഇൻ ചാർജ് സി.യു. എബ്രഹാം

ആരോപണ വിധേയരാവരെല്ലാം ഇപ്പോഴും വെളിച്ചത്തുണ്ട്. നടപടിയുണ്ടാകാത്തത് ഖേദകരമാണ്. നടപടിയുണ്ടാകണമെന്നാണ് ആഗ്രഹമെങ്കിലും പ്രതീക്ഷയില്ല. എബ്രഹാം പി. ജോസഫ് ജോളിയുടെ സഹോദരൻ